തൃശൂർ
പഠനവും പരീക്ഷയും സമയബന്ധിതമായി നടത്താത്തത് വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണെന്നും ഇത് ഒഴിവാക്കാൻ സർവകലാശാലകൾ ജാഗ്രത പുലർത്തണമെന്നും മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
കേരള ആരോഗ്യ സർവകലാശാല നടത്തിയ ബിഫാം ആറും ഏഴും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കമീഷൻ സർവകലാശാലാ രജിസ്ട്രാറോട് ഉത്തരവിട്ടു. ബി ഫാം കോഴ്സിന്റെ ക്ലാസുകളും സെമസ്റ്റർ പരീക്ഷകളും യഥാസമയം നടത്തുന്നില്ലെന്നാരോപിച്ച് വിദ്യാർഥി നൽകിയ പരാതിയിലാണ് നടപടി.
എട്ടാം സെമസ്റ്റർ പരീക്ഷ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒന്നുമുതൽ ഏഴു വരെയുള്ള എല്ലാ സെമസ്റ്റർ പരീക്ഷകളും പാസാകണമെന്നും ബി ഫാം എട്ടാം എംഡബ്ല്യു സെമസ്റ്റർ റെഗുലർ പരീക്ഷാഫലം ജൂലൈ 19ന് പ്രസിദ്ധീകരിച്ചതായും സർവകലാശാല രജിസ്ട്രാർ കമീഷനു മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആറ്, ഏഴ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചതിനെത്തുടർന്നാണ് നടപടി.