ബീജിങ്
അഭ്യൂഹങ്ങൾ അസ്ഥാനത്താക്കി പൊതുപരിപാടിയിൽ പങ്കെടുത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ചൈനീസ് കമ്യൂണിസ്റ്റ് പാർടി (സിപിസി) ബീജിങ്ങിൽ സംഘടിപ്പിച്ച പ്രദർശനം കാണാനാണ് ചൊവ്വാഴ്ച ഷി എത്തിയത്. കഴിഞ്ഞ 16ന് ഉസ്ബക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയശേഷം ആദ്യമായാണ് അദ്ദേഹം പൊതുസ്ഥലത്ത് എത്തുന്നത്. ഷിയെ പൊതുപരിപാടിയിൽ കാണാത്തതിനാൽ ചൈനയിൽ പട്ടാള അട്ടിമറി ഉണ്ടായെന്നും ഷിയെ തടവിലാക്കിയെന്നും വലത് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ചൈനയും സിപിസിയും കഴിഞ്ഞ കാലങ്ങളിലുണ്ടാക്കിയ നേട്ടങ്ങൾ വിവരിച്ചാണ് ‘മുന്നോട്ട്, പുതിയ യുഗത്തിലേക്ക്’ എന്ന ആശയത്തിലൂന്നിയുള്ള പ്രദർശനം. ചൈനീസ് സ്വഭാവത്തോടെയുള്ള സോഷ്യലിസത്തിന്റെ വിജയത്തിനായി അദ്ദേഹം ആഹ്വാനം ചെയ്തതായി സിൻഹുവ ഏജൻസി റിപ്പോർട്ട് ചെയ്തു.