തിരുവനന്തപുരം> വിനോദസഞ്ചാര രംഗത്തെ പുരോഗതിക്ക് പരിപാലനം പ്രധാനമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുഖത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ വിനോദസഞ്ചാരത്തെ നമ്മൾ ആഘോഷമാക്കി മാറ്റി. സുരക്ഷിത യാത്ര, സുരക്ഷിത ഭക്ഷണം, സുരക്ഷിത താമസം എന്നതിൽ അടിസ്ഥാനമാക്കി സർക്കാർ നടപ്പിലാക്കിയ കാരവൻ പോളിസിയും വാഗമണ്ണിലെ കാരവൻ പാർക്കും ജനങ്ങൾ സ്വീകരിച്ചു. ടൈം മാഗസിൻ ലോകത്തിൽ സന്ദർശിക്കേണ്ട പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തതും ടൂറിസം രംഗത്തിനുള്ള അംഗീകാരമാണ്. ആഭ്യന്തര ടൂറിസം സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു.
ഓരോ വ്യക്തികളും ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി മാറണം. ഇതിന്റെ ഭാഗമായി സർക്കാർ രൂപീകരിച്ച വിദ്യാർത്ഥികളും യുവജനങ്ങളും അണിനിരക്കുന്ന ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു, എ എ റഹിം എംപി എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ടൂറിസം ക്ലബ് അംഗങ്ങൾ ശംഖുമുഖം തീരത്ത് മാലിന്യ ശേഖരണം നടത്തി.