വാഷിംഗ്ടണ്> നാസയുടെ ഡാര്ട്ട് പരീക്ഷണം വിജയം. 96 ലക്ഷം കിമീ അകലെയുള്ള ഛിന്നഗ്രഹത്തില് നാസയുടെ പേടകം ഇടിച്ചുകയറി. ഭൂമിക്ക് ഭീഷണിയാകുന്ന ആകാശവസ്തുക്കളെ ആകാശത്ത് വച്ച് തന്നെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലേക്ക് പറന്നടുക്കുകയാണ് നാസ.
96 ലക്ഷം കിലോമീറ്റര് അകലെയുള്ള ഡൈമോര്ഫസ് എന്ന മൂണ്ലൈറ്റ് ഛിന്നഗ്രഹത്തില് ഇടിച്ചിറങ്ങുകയായിരുന്നു നാസയുടെ ഡാര്ട്ട് പേടകം. 22,500 കിലോമീറ്റര് വേഗതയിലാണ് നാസ പേടകത്തെ ഛിന്നഗ്രഹത്തില് ഇടിച്ചിറക്കിയത്. ഡാര്ട്ട് ഇടിച്ചിറങ്ങുന്നതിന്റെ ചിത്രങ്ങള് നാസ പുറത്തുവിട്ടു. 2021 നവംബര് 24ന് സ്പേസ് എക്സിന്റെ ഫാല്ക്കണ് 9 റോക്കറ്റ് ഉപയോഗിച്ച് നടത്തിയ വിക്ഷേപണമാണ് വിജയം കണ്ടത്. ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ വലംവെക്കുന്ന മൂണ്ലെറ്റ് ഛിന്നഗ്രഹമാണ് 525 അടി വ്യാസമുള്ള ഡൈമോര്ഫസ്.
ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനും ആകാശത്ത് വച്ച് തന്നെ തകര്ക്കാനും ലക്ഷ്യം വയ്ക്കുന്നതാണ് ഡാര്ട്ട് പരീക്ഷണം. ഡബിള് ആസ്ട്രോയിഡ് റീഡയറക്ടഷന് ടെസ്റ്റ് എന്ന പ്രതിരോധസംവിധാനം വിജയിക്കുന്നതോടെ ഭൂമിക്ക് നേരെയുള്ള ആകാശ ഭീഷണികളെ ചെറുക്കാന് കരുത്താകും. ഡാര്ട്ടിന് ഛിന്നഗ്രഹത്തെ നീക്കാനായാലും ഇല്ലെങ്കിലും അത് വരുംകാല ഗവേഷകര്ക്ക് പാഠമാകും. അടുത്ത നൂറ് വര്ഷക്കാലത്തേക്ക് ഭൂമിയെ ലക്ഷ്യമിട്ട് ഏതെങ്കിലും ഛിന്നഗ്രഹങ്ങള് വരുന്നുണ്ടോ എന്ന് അറിയില്ലെങ്കിലും ക്രമേണ ഭൂമിയെ ലക്ഷ്യമിട്ട് വന്തോതില് ബഹിരാകാശ ശിലകള് എത്തിയേക്കാം എന്നാണ് നാസ ഗവേഷകര് പ്രതീക്ഷിക്കുന്നത്.