തിരുവനന്തപുരം
കേരള സർവകലാശാല വിസിയെ തെരഞ്ഞെടുക്കാനുള്ള പാനൽ തയ്യാറാക്കാൻ ഗവർണർ നിയമവിരുദ്ധമായി രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻപിള്ള. പ്രതിനിധിയെ തിങ്കളാഴ്ചതന്നെ നൽകണമെന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ കത്തിന് നൽകിയ മറുപടിയിലാണ് വിസി ഇക്കാര്യം അറിയിച്ചത്. രൂപീകരിച്ച കമ്മിറ്റി റദ്ദാക്കി പുതിയ വിജ്ഞാപനമിറക്കിയാൽ പ്രതിനിധിയെ തരുന്നതിൽ തടസ്സമില്ലെന്നും അറിയിച്ചു.
‘സർവകലാശാലയുടെ പരമാധികാര സഭയായ സെനറ്റിന്റെ തീരുമാനങ്ങൾ അംഗീകരിക്കേണ്ടത് വൈസ് ചാൻസലറുടെ ഉത്തരവാദിത്വമാണ്. സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി രൂപീകരിച്ച കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാനാകില്ല. അതിന് നിയമം അനുവദിക്കുന്നില്ല’–- കത്തിൽ വ്യക്തമാക്കി. സർവകലാശാല നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് വൈസ് ചാൻസലറുടെ കടമയാണെന്നും വിസി ഓർമിപ്പിച്ചു.
രണ്ടംഗ സെർച്ച് കമ്മിറ്റി ചട്ടവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കി പുതിയ കമ്മിറ്റി രൂപീകരിക്കാൻ വിജ്ഞാപനം ഇറക്കണമെന്നും കേരള സെനറ്റ് യോഗം പ്രമേയത്തിലൂടെ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് വൈകിയാൽ കുരുക്കിലാകുമെന്നു കണ്ടതോടെ തിങ്കളാഴ്ച ഉടൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് വീണ്ടും കത്തയക്കുകയായിരുന്നു. വിസി ആവശ്യം നിരാകരിച്ചതോടെ ചാൻസലർകൂടിയായ ഗവർണർ കൂടുതൽ പ്രതിസന്ധിയിലായി.