തിരുവനന്തപുരം
എ കെ ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സമയത്ത് ധരിച്ചിരുന്ന ടീഷർട്ട് കായലിൽ എറിഞ്ഞുവെന്ന് പ്രതിയായ യൂത്ത് കോണ്ഗ്രസ് നേതാവിന്റെ മൊഴി. പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ ടീഷർട്ട് വേളി കായലിൽ ഉപേക്ഷിച്ചതായി ജിതിൻ അന്വേഷകസംഘത്തോട് പറഞ്ഞു. തെളിവെടുപ്പിനിടെയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, കൃത്യം നടത്തുമ്പോൾ ധരിച്ചിരുന്ന ഷൂസ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവസമയത്ത് ധരിച്ചിരുന്ന ടീഷർട്ടിന്റെ പ്രത്യേകത പിന്തുടർന്നാണ് പൊലീസ് പ്രതിയിലെത്തിയത്. നിർണായക തെളിവ് നശിപ്പിച്ചുവെന്നത് വിശദമായി പരിശോധിക്കും. ടീഷർട്ട് എവിടെയെന്ന് ഓർമയില്ലെന്നായിരുന്നു ആദ്യമൊഴി. അതിനാൽ ഇയാളുടെ വാക്കുകൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. തെളിവ് നശിപ്പിച്ചെന്ന് ഉറപ്പായാൽ ജിതിനെതിരെ തെളിവ് നശിപ്പിക്കൽ നിയമപ്രകാരവും കേസുണ്ടാകും. പ്രതിയുമായി പൊലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. തിങ്കൾ പുലർച്ചെ എ കെ ജി സെന്ററിൽ എത്തിച്ച് തെളിവെടുത്തു. സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തി രഹസ്യമായാണ് നടപടികൾ പൂർത്തിയാക്കിയത്.
ആക്രമണത്തിനെത്തിയ സ്കൂട്ടർ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഉടമയും സ്കൂട്ടർ എത്തിച്ചുനൽകിയ വനിതാ നേതാവും ഒളിവിലാണ്. ജിതിൻ പിടിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഇരുവരും മുങ്ങിയത്. ഗൂഢാലോചനയിൽ പങ്കാളിയായ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവും ഒളിവിലാണ്. ഇവരുടെ മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. ഇവരെ പിടിക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കി.
അതേസമയം, കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതിയെ തിങ്കൾ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച പ്രതിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജെഎഫ്സിഎം (മൂന്ന്) കോടതി പരിഗണിക്കും.
ജിതിന് പോയ റൂട്ടിൽ തെളിവെടുപ്പ്
എ കെ ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ കേസിലെ പ്രതി ജിതിൻ സഞ്ചരിച്ച വഴിയിൽ തെളിവെടുപ്പ് നടത്തി പൊലീസ്. തിങ്കൾ പുലര്ച്ചെ അഞ്ചിനാണ് പ്രതിയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. കൃത്യനിര്വഹണത്തിന് പ്രതി വന്നതും ശേഷം മടങ്ങിയ വഴികളിലൂടെയുമായിരുന്നു തെളിവെടുപ്പ്.
സിസിടിവിയുടെയും മൊബൈൽ ടവർ ലൊക്കേഷന്റെയും അടിസ്ഥാനത്തിൽ അക്രമിയുടെ റൂട്ട്മാപ്പ് പൊലീസ് നേരത്തേ തയ്യാറാക്കിയിരുന്നു. പ്രതി പറഞ്ഞ വഴിയും അന്വേഷക സംഘം തയ്യാറാക്കിയ റൂട്ട് മാപ്പും പൊരുത്തപ്പെടുന്നതാണ്.
അന്വേഷണം
ഗൂഢാലോചനയിലേക്ക്
പ്രതിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷകസംഘം കടക്കും. പ്രതിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കുമിത്. ഉന്നത ഗൂഢാലോചന നടന്നതായി പൊലീസിന് വിവരമുണ്ട്. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ സ്ഫോടക വസ്തുവാണ് എ കെ ജി സെന്റർ ആക്രമണത്തിന് ഉപയോഗിച്ചത്. ഇതിന്റെ ഉറവിടം വെളിപ്പെടുത്താൻ പ്രതി തയ്യാറായിട്ടില്ല. ഇതിന്മേലുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.