റോം
തീവ്ര വലതുപക്ഷമായ ബ്രദേഴ്സ് ഓഫ് ഇറ്റലി നേതാവ് ജോര്ജിയ മിലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. ഡെമോക്രാറ്റിക് പാര്ടി നയിക്കുന്ന മധ്യ ഇടതുമുന്നണിയെ പരാജയപ്പെടുത്തിയാണ് തീവ്ര വലതുമുന്നണി ഭൂരിപക്ഷം നേടിയത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമായാണ് തീവ്രവലതുപക്ഷം ഇറ്റലിയില് അധികാരത്തിലെത്തുന്നത്. സഖ്യകക്ഷികളുടെ പിന്തുണ നഷ്ടമായതോടെ പ്രധാനമന്ത്രി മരിയോ ദാഗ്രി രാജിവച്ചതിനാലാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒക്ടോബർ 13ന് പുതിയ പാർലമെന്റ് ചേരും.
പാർലമെന്റിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ 400 സീറ്റിലേക്കും ഉപരിസഭയായ സെനറ്റിലെ 200 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പുറത്തുവന്ന ഫലം പ്രകാരം തീവ്രവലതുമുന്നണി അധോസഭയിൽ 43.8 ശതമാനം വോട്ടും ഉപരിസഭയിൽ 44 ശതമാനം വോട്ടും നേടി. തെരഞ്ഞെടുപ്പിൽ 64.1 ശതമാനം വോട്ട് മാത്രമാണ് പോള് ചെയ്തത്. 2018ല് 74 ശതമാനമായിരുന്നു പോളിങ്. 2018ലെ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് മെലോണിയുടെ പാർടി നേടിയത്.
അഭയാര്ഥിത്വത്തെയും കുടിയേറ്റത്തെയും വെറുപ്പോടെ കാണുന്ന തീവ്രവലതുപക്ഷം അധികാരത്തിലെത്തുന്നതിനെ ആശങ്കയോടെയാണ് ലോകം കാണുന്നത്. ഇറ്റലിയുടെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം പേര് മറ്റു രാഷ്ട്രങ്ങളില്നിന്ന് ഇറ്റലിയിലേക്ക് ചേക്കേറിയവരാണ്. 2014ന് ശേഷംമാത്രം ഇറ്റലിയിലേക്ക് കുടിയേറിയത് അഞ്ചു ലക്ഷം പേരാണ്. ലൈംഗിക ന്യൂനപക്ഷങ്ങളും ആശങ്കയിലാണ്.