തിരുവനന്തപുരം > കോന്നി മെഡിക്കല് കോളേജിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്ജ് അറിയിച്ചു. കോളേജിന് 100 സീറ്റാണ് അനുവദിച്ചതെന്നും ഈ വര്ഷം തന്നെ അധ്യയനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജ് അംഗീകാരത്തിന് നിരവധി അടിയന്തര ഇടപെടലുകളാണ് സർക്കാർ നടത്തിയത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 250 കോടി രൂപയിലധികം വരുന്ന വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. നിർമാണത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കി. ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) രൂപീകരിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക് എന്നിവയുടെ നിർമാണത്തിന് 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമാണം തുടങ്ങി. ആദ്യവർഷ ക്ലാസുകൾ തുടങ്ങാന് ബുക്കുകൾ, ക്ലാസ് റൂം, ലേബർറൂം, രക്ത ബാങ്ക്, മെഡിക്കൽ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, ലാബ് ഉപകരണങ്ങൾ മുതലായവ ഒരുക്കാന് 18.72 കോടി രൂപ കിഫ്ബിയിൽ നിന്നും ലഭ്യമാക്കി. ഇന്റേണൽ റോഡ്, എസ്ടിപി, പ്രവേശന കവാടം മുതലായവ നിർമിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നൽകി .
ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. 5 കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സിടി സ്കാൻ, മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ എന്നിവ സ്ഥാപിക്കാൻ അനുമതി നൽകി. ആധുനിക ലേബർറൂം നിർമിക്കാൻ 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി. കാരുണ്യ മെഡിക്കൽ സ്റ്റോർ, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ സ്ഥാപിച്ചു. 10 നിലകളുള്ള ക്വാർട്ടേഴ്സിന്റെ നിർമാണം ആരംഭിച്ചു. ഹോസ്റ്റലുകളുടെ നിർമാണം തുടങ്ങി.
ഒഫ്താൽമോളജി വിഭാഗത്തിൽ ഇലക്ട്രോ ഹൈട്രോളിക് ഓപ്പറേറ്റിങ് ടേബിൾ (7 ലക്ഷം), ഓപ്പറേറ്റിങ് മൈക്രോസ്കോപ്പ് വിത്ത് ഒബ്സർവൻസ് ക്യാമറ ആൻഡ് വീഡിയോ (12.98 ലക്ഷം), ആട്ടോറഫ് കേരറ്റോ മീറ്റർ (3.54 ലക്ഷം), യുഎസ്ജിഎ സ്കാൻ (6.14 ലക്ഷം), ഫാകോ മെഷീൻ സെന്റുർകോൻ (24.78 ലക്ഷം), ജനറൽ സർജറി വിഭാത്തിൽ എച്ച്ഡി ലാപ്രോസ്കോപ്പിക് സിസ്റ്റം (63.88 ലക്ഷം), ലാപ്റോസ്കോപ്പിക് ഹാൻഡ് ആക്സസറീസ് (16 ലക്ഷം), ഇലക്ട്രോ ഹൈട്രോളിക് ഓപ്പറേറ്റിങ് ടേബിൾ (7 ലക്ഷം), ഓർത്തോപീഡിക്സ് വിഭാത്തിൽ സിആം ഇമേജ് ഇന്റൻസിഫിയർ (38.65 ലക്ഷം) എന്നിവ സ്ഥാപിക്കാനും അനുമതി നൽകി. അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിച്ചു.
അക്കാദമിക് ബ്ലോക്കിൽ ഗ്രൗണ്ട് ഫ്ളോറിൽ അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചർ തിയറ്റർ, ഫാർമക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിൻസിപ്പാളിന്റെ കാര്യാലയം, പരീക്ഷാഹാൾ, ലക്ചർഹാൾ, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചർ ഹാൾ മുതലായവ സജ്ജീകരിച്ചു. ഫർണിച്ചറുകൾ, ലൈബ്രറിയ്ക്ക് ആവശ്യമായ ബുക്കുകൾ, സ്പെസിമെനുകൾ, വിദ്യാർഥികളുടെ പഠനനോപകരണങ്ങൾ, അനാട്ടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുള്ള ടാങ്ക്, ലാബിന്റെ പ്രവർത്തനത്തിന് ആവശ്യമായ റീഏജന്റുകൾ മുതലായവ പൂർണമായും സജ്ജമാക്കി.