തിരുവനന്തപുരം> പട്ടികവിഭാഗത്തിൽപ്പെട്ട മുഴുവൻ അഭ്യസ്തവിദ്യർക്കും 2024 ഓടെ ജോലി ഉറപ്പാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകി. പ്രൊഫഷണൽ കോഴ്സുകൾ വിജയിച്ച എസ്സി, എസ്ടി വിഭാഗത്തിലെ മുഴുവൻ യുവതീയുവാക്കൾക്കും ട്രെയിനിങ് ഫോർ കരിയർ എക്സ്ലൻസ് (ട്രേസ്) പദ്ധതി മുഖേനയാണ് ജോലി ഉറപ്പാക്കുക.
ആദ്യഘട്ടത്തിൽ എൻജിനിയർ, ഓവർസിയർ, നഴ്സ്, പാരാമെഡിക്കൽ, സോഷ്യൽവർക്കർ, അധ്യാപകർ, മാനേജ്മെന്റ് മേഖലകളിലെ തസ്തികകളിൽ 6026 പേർക്ക് ഓണറേറിയം വ്യവസ്ഥയിൽ നിയമനം നൽകും. ഇതിൽ എൻജിനിയർ, എസ്ടി –- സോഷ്യൽവർക്കർ എന്നീ വിഭാഗങ്ങളിൽ നിയമനം നൽകി. എസ്സി–-എസ്ടി വിഭാഗത്തിലായി 2400 പേർക്ക് പ്രമോട്ടർമാരായും നിയമനം നൽകി. 380 പേരെ അപ്രന്റിസ് ക്ലർക്കുമാരായും നിയോഗിച്ചു. ശേഷിക്കുന്നവയിൽ നടപടി പുരോഗമിക്കുന്നു. പട്ടികജാതി–-വർഗ വികസനവകുപ്പ് നടപ്പാക്കുന്ന ട്രേസ് 2024ഓടെ ലക്ഷ്യം കൈവരിക്കും. ലീഗൽ കൗൺസലറുടേത് ഒഴിച്ചുള്ളതിനുള്ള ഉയർന്ന പ്രായപരിധി 35. ലീഗൽ കൗൺസലറുടേത് 45.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ യോഗ്യതയുള്ളവരെ നിശ്ചിത കാലയളവിൽ നിയോഗിക്കും. കോഴ്സ് വിജയിച്ചിട്ടും തൊഴിൽരഹിതരാകുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും. സർക്കാർ നിയോഗിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിൽ പരിചയവും മുതൽക്കൂട്ടാകും. സ്വകാര്യ, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര ജോലിനേടാനും ഇത് ഉപകരിക്കും.