കളമശേരി
“കൃഷിക്കൊപ്പം കളമശേരി’ എന്ന പേരിൽ കളമശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് ആരംഭിച്ച സമഗ്ര കാർഷികവികസന പദ്ധതി തിങ്കളാഴ്ച ആരംഭിക്കും. വൈകിട്ട് നാലിന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. കടുങ്ങല്ലൂരിൽ 13 ഏക്കറിൽ പഴം–-പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്താണ് തുടക്കം. വിത്തുമുതൽ വിപണിവരെയുള്ള കൃഷിയുടെ എല്ലാ ഘട്ടത്തിലും കർഷകന് പിന്തുണ നൽകി, സുരക്ഷിത ഭക്ഷ്യോൽപ്പാദനത്തിലൂടെ കളമശേരിയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പഴം, പച്ചക്കറി, നെല്ല്, മത്സ്യം, പൂക്കൃഷികളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ത്രിതല പഞ്ചായത്തുകൾ, പ്രാഥമിക സഹകരണ ബാങ്കുകൾ, വിവിധ വകുപ്പുകൾ എന്നിവയെ കൂട്ടിയിണക്കിയാണ് നടപ്പാക്കുന്നത്. മണ്ഡലത്തിലെ 17 പ്രാഥമിക സഹകരണസംഘങ്ങളുടെ കീഴിൽ 152 വാർഡുകളിലായി 155 സ്വയംസഹായ ഗ്രൂപ്പുകൾ (എസ്എച്ച്ജി) രൂപീകരിച്ചു
4000 കർഷകർ അംഗങ്ങളാണ്. ആദ്യം തരിശായി കിടക്കുന്ന കരഭൂമിയും പാടവും കണ്ടെത്തി കൃഷിക്ക് ഉപയോഗിക്കും. സ്ഥലം, ധനലഭ്യത, വിത്ത്, വളം, സാങ്കേതികസഹായം, തൊഴിലാളിലഭ്യത, സംഭരണം, വിപണനം തുടങ്ങി കർഷകന് ആവശ്യമായതെല്ലാം ലഭ്യമാക്കും. സ്വയംസഹായ ഗ്രൂപ്പ് ഭാരവാഹികൾക്കായി നേതൃപരിശീലന ക്യാമ്പ് നടന്നു. ഗ്രൂപ്പുകളിലെ കർഷകർക്കുള്ള ശിൽപ്പശാലയിൽ ഓരോ പ്രദേശത്തെയും കൃഷി ആസൂത്രണം ചെയ്ത് പ്രോജക്ട് തയ്യാറാക്കും. ബാങ്ക് മോണിറ്ററിങ് സമിതിയും പഞ്ചായത്ത് മോണിറ്ററിങ് സമിതിയും സാങ്കേതിക–-സംഘാടക സമിതികളും രൂപീകരിക്കും.
പദ്ധതിയുടെ അടുത്തഘട്ടമായ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിന് വിവിധ ബാങ്കുകളെ ചുമതലപ്പെടുത്തും. ആലങ്ങാട് ശർക്കര നിർമാണം, ഏത്തക്കായ, കപ്പ, കൂവ എന്നിവയും പച്ചക്കറി, ജൈവവള നിർമാണം, ചക്ക, വെളിച്ചെണ്ണ, അരി എന്നിവയുടെ ബ്രാൻഡിങ്, വിത്ത്, തൈകൾ എന്നിവയുടെ ഹെടെക് ഉൽപ്പാദനം, അഗ്രി ടൂറിസം, സസ്യാരോഗ്യ പരിപാലനത്തിന് ആശുപത്രി, തൊഴിൽസേന എന്നിവയുമാണ് വിവിധ ബാങ്കുകൾ ഏറ്റെടുക്കുക. ഉൽപ്പന്ന ബ്രാൻഡിങ്ങിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കും. വിപണനത്തിന് സ്വകാര്യ–-സർക്കാർ ഓൺലൈൻ മാർക്കറ്റുകളെയും ഉപയോഗിക്കും. സംഭരണശാല നിർമാണം, സ്ഥിരംവിപണി എന്നിവയും ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയുടെ ഭാഗമാണ്.