തിരുവനന്തപുരം> പോപുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ നടത്തിയ അക്രമത്തിൽ കർശന നടപടികൾ തുടർന്ന് പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. 1013 പേരാണ് ഇതുവരെ അറസ്റ്റിലായത്. 819പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളിൽ ഒരാളെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ 24 കേസുകളിലായ 49 പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 23 കേസെടുത്തു. 113 പേരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റിയിൽ 27കേസിലായി 169 പേരെയും റൂറലിൽ 12 കേസിലായി 71 പേരെയും അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തു. 109 പേരാണ് അറസ്റ്റിലുള്ളത്. ആലപ്പുഴയിൽ 15 കേസിലായി 109 പേരെയാണ് പിടിച്ചത്.കോട്ടയത്ത് 28 കേസിൽ 215 അറസ്റ്റുണ്ടായി. ഇടുക്കിയിൽ നാല് കേസെടുത്തിട്ടുണ്ട്. എറണാകുളം സിറ്റിയിൽ ആറ് കേസിലായി നാല് പേരും റൂറലിൽ 17 കേസിലായി 17പേരും പിടിയിലായി.
തൃശൂർ സിറ്റിയിൽ 10 കേസുകളിൽ രണ്ട് പേരെ പിടിച്ചു. റൂറലിൽ നാല് കേസെടുത്തിട്ടുണ്ട്. പാലക്കാട് ആറ് കേസിലായി 24 പേരെയും മലപ്പുറത്ത് 34 കേസിലായി 123 പേരെയും പിടിച്ചു. കോഴിക്കോട് സിറ്റിയിൽ ഏഴ് കേസുണ്ട്. റൂറലിൽ എട്ട് കേസും എട്ട് അറസ്റ്റും രേഖപ്പെടുത്തി. നാല് കേസ് രജിസ്റ്റർ ചെയ്ത വയനാട്ടിൽ 26 പേരാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റിയിൽ 25 കേസും 25 അറസ്റ്റുമുണ്ട്. റൂറലിൽ ആറ് കേസിലായി പത്ത് പേർ പിടിയിലായി. ആറ് കേസെടുത്ത കണ്ണൂർ റൂറലിൽ 38 പേരാണ് അറസ്റ്റിലുള്ളത്.