മോസ്കോ
ഉക്രയ്നിൽ പടയൊരുക്കം ശക്തമാക്കാന്‍ നിര്‍ദേശം നല്കി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വിരമിച്ച മൂന്നുലക്ഷം റിസർവ് പട്ടാളക്കാർക്ക് ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാൻ നിർദേശം നൽകി. പാശ്ചാത്യ രാജ്യങ്ങൾ ഒന്നുചേർന്ന് നടത്തുന്ന പടനീക്കത്തിനെതിരെ റഷ്യയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് പുടിൻ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
ഉക്രയ്നിലെ ഖെർസൺ, സപൊറീഷ്യ മേഖലകളും ലുഹാൻസ്ക്, ഡൊണെസ്ക് സ്വതന്ത്ര റിപ്പബ്ലിക്കുകളും റഷ്യയുടെ ഭാഗമാകാനുള്ള ഹിതപരിശോധനയ്ക്ക് ഒരുങ്ങവെയാണ് പുടിന്റെ പ്രഖ്യാപനം. ഉക്രയ്ൻ യുദ്ധത്തിൽ ഇതുവരെ 5937 റഷ്യൻ പട്ടാളക്കാരും 61,207 ഉക്രയ്ൻ സൈനികരും കൊല്ലപ്പെട്ടതായാണ് റഷ്യയുടെ കണക്ക്.
യുദ്ധത്തിൽ റഷ്യ ദുർബലമാണെന്നാണ് പുടിന്റെ പ്രസ്താവന തെളിയിക്കുന്നതെന്ന് ഉക്രയ്നിലെ അമേരിക്കൻ സ്ഥാനപതി പ്രതികരിച്ചു. പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.