തിരുവനന്തപുരം
വെള്ളിയാഴ്ച 89–-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടൻ മധുവിന് ആശംസകളുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കണ്ണമ്മൂലയിലെ വീട്ടിലെത്തി. ബുധൻ വൈകിട്ട് 4.30 ഓടെയായിരുന്നു അപ്രതീക്ഷിത സന്ദർശനം. രാഷ്ട്രീയവും സിനിമാ വിശേഷങ്ങളും തമാശകളുമൊക്കെയായി ഇരുവരുടെയും കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ഭരണഘടനാവിരുദ്ധ നടപടിയെപ്പറ്റിയാണ് മധു ആദ്യം ചോദിച്ചത്. ആർഎസ്എസ് ബന്ധം പരസ്യമായി സമ്മതിച്ച ഗവർണറുടെ നടപടി കേരളത്തിന്റെ മതേതര നിലപാടിന് വിരുദ്ധമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കുന്നതായി മധു പറഞ്ഞു. കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന് എം വി ഗോവിന്ദന്റെ ഉറപ്പ്.
പ്രേംനസീറും സത്യനുമായുള്ള ഓർമകളും മധു പങ്കുവച്ചു. ജന്മദിനത്തിന് പ്രത്യേക ആഘോഷങ്ങളൊന്നുമില്ലെന്നും മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും വീട്ടിൽ തന്നെയുണ്ടാകുമെന്നും മധു പറഞ്ഞു. വെള്ളിയാഴ്ച താൻ തലസ്ഥാനത്ത് ഇല്ലാത്തതിനാലാണ് പിറന്നാൾ ആശംസകളുമായി നേരത്തേ എത്തിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മധുരം നൽകിയാണ് എം വി ഗോവിന്ദനെ മധു സ്വീകരിച്ചത്.