തിരുവനന്തപുരം
ഗവർണർ സ്ഥാനത്തിരുന്ന്, ആർഎസ്എസ് പിന്തുണയുണ്ടെന്ന് ഊറ്റംകൊള്ളുന്നത് ശരിയാണോയെന്ന് ആരിഫ് മൊഹമ്മദ് ഖാൻ വ്യക്തമാക്കണമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഗവർണറെ സഹായിക്കുന്നവർക്കും ഇതിൽ ബാധ്യതയുണ്ട്. രാജ്ഭവനിലിരുന്ന് ആർഎസ്എസിന് പ്രശംസയും സ്നേഹവും വാരിക്കോരി നൽകുന്നു. ഭരണഘടനാപദവി മറന്ന് രാജ്ഭവൻ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുന്നത് ഗൗരവമുള്ളതാണ്.
1986 മുതൽ ആർഎസ്എസ് ബന്ധം ഉണ്ടെന്ന് ഗവർണർ പറഞ്ഞു. 1990ൽ ആരിഫ് മൊഹമ്മദ് ഖാൻ മന്ത്രിയായിരുന്ന വി പി സിങ് സർക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോൺഗ്രസും ചേർന്നാണ്. മണ്ഡൽ വിഷയമടക്കം ഉയർത്തി സർക്കാരിനെ ആർഎസ്എസ് അട്ടിമറിച്ചു. താൻ മന്ത്രിയായ സർക്കാരിനെ വലിച്ച് താഴെയിട്ട ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.
1963ൽ റിപ്പബ്ലിക്ദിന പരേഡിൽ ആർഎസ്എസിനെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പങ്കെടുപ്പിച്ചെന്ന് ആർഎസ്എസ് ബന്ധം ന്യായീകരിക്കാൻ ഗവർണർ വാദം നിരത്തുന്നു. ആർഎസ്എസ് പങ്കെടുത്തതിന്റെ രേഖകളില്ലെന്നാണ് ബിജെപി ഭരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയംതന്നെ പറയുന്നത്. സംഘപരിവാറിന്റെ വാട്സാപ് ഗ്രൂപ്പുകളിലെ കാര്യങ്ങളാണ് ഗവർണർ പ്രചരിപ്പിക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതിപ്പെടുന്ന ഗവർണർ കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരുവശത്ത് നിലകൊണ്ട ആർഎസ്എസിനെ പ്രകീർത്തിക്കുന്നു. ആർഎസ്എസിന്റെ സംഘടനാ പരിശീലന പ്രക്രിയയിൽ പ്രധാനപ്പെട്ടതാണ് ഓഫീസേഴ്സ് ട്രെയ്നിങ് ക്യാമ്പുകൾ. ഇതിൽ ഒന്നിലധികം തവണ പങ്കെടുത്തവരാണ് കേരളത്തിൽ പല കൊലപാതക കേസുകളിലും ശിക്ഷിക്കപ്പെട്ടത്. ഇത്തരം ഒടിസിയിൽ ആറു തവണ പങ്കെടുക്കാൻ കഴിഞ്ഞെന്ന് ഊറ്റംകൊള്ളുന്ന ഗവർണറുടെ നിലപാടിൽ ആർക്കും സംശയമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമിക്കുന്നത് നാടിനെ ; വികസനം മുടക്കുന്നു, ഒപ്പിടുന്ന നിയമത്തിൽ ഗവർണർക്ക് വ്യക്തിപരമായ ഉത്തരവാദിത്വമില്ല
ജനങ്ങളെയും നാടിന്റെ പുരോഗതിയെയുമാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ആക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലക്ഷ്യം സർക്കാർ മാത്രമല്ല, വ്യത്യസ്ത തലത്തിൽ മുന്നേറുന്ന കേരളത്തെ തകർക്കലാണ്. രാജ്യത്തിനകത്തും പുറത്തും നാട് പ്രശംസിക്കപ്പെടുന്നതിനെ ഇകഴ്ത്താൻ ശ്രമിക്കുന്ന സംഘപരിവാറിന് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഗവർണർ പദവിയിലിരിക്കുന്ന ആൾ ഈ തെറ്റായ സമീപനക്കാരുടെ അനുഭാവിപോലെ പെരുമാറുന്നത് അങ്ങേയറ്റം അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനം രാജ്യത്തുതന്നെ അസാധാരണമാണ്. സാധാരണ നിന്നുകൊണ്ട് പറയുന്ന കാര്യം ഗവർണർ ഇരുന്നുപറഞ്ഞു. സർക്കാരുമായുള്ള ആശയവിനിമയത്തിന് നിയതമാർഗമുണ്ട്. അതിൽ വിയോജിപ്പും അറിയിക്കാം. പരസ്യനിലപാട് എടുക്കുന്നത് ശരിയല്ല. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഇതാണ് ഭരണഘടന അനുശാസിക്കുന്നത്. ഒപ്പിടുന്ന നിയമത്തിൽ ഗവർണർക്ക് വ്യക്തിപരമായ ഉത്തരവാദിത്വമില്ല. 1974ലെ ഷംഷേർസിങ് കേസിൽ സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഒരവകാശവുമില്ലെന്നും സ്പഷ്ടമാക്കി. കേന്ദ്ര–- സംസ്ഥാന ബന്ധം പഠിച്ച സർക്കാരിയാ കമീഷനും ഗവർണർ സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത, ഭരണ പാർടിയിൽ അംഗമല്ലാത്ത ആളാകണമെന്ന് നിർദേശിച്ചു. കേന്ദ്രത്തിന്റെ ഏജന്റിനെപ്പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ പെരുമാറുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. ഗവർണർ കേന്ദ്ര സർക്കാർ ജീവനക്കാരനോ ഏജന്റോ അല്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കോടതി വിധികളും ഭരണഘടനാ കൺവൻഷനുകളും കാറ്റിൽ പറത്തുന്ന ഗവർണറുടെ നിലപാട് വിപൽക്കരമാണ്. ജനങ്ങളും നാടുമാണ് സംസ്ഥാന സർക്കാരിന്റെ പരിഗണനാ വിഷയം. ആരുമായും ഏറ്റുമുട്ടലിന് സർക്കാരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.