തിരുവനന്തപുരം> നബാർഡ് ഡെവലപ്മെന്റ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റിൽ കേരളത്തിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് നബാർഡ് എംപ്ലോയീസ് അസോസിയേഷൻ. ഇന്ത്യയിലാകമാനം 177 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ അവയിൽ ഒന്നുപോലും കേരളത്തിന് നൽകിയിട്ടില്ല. 2016 മുതൽ നടക്കുന്ന എല്ലാ ഡെവലപ്മെൻറ് അസിസ്റ്റൻറ് നിയമനങ്ങളിലും കേരളത്തോട് കടുത്ത അവഗണനയാണ് നബാർഡ് മാനേജ്മെന്റും കേന്ദ്രസർക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെപി ബാബുരാജ് പറഞ്ഞു.
കേരളത്തിലെ തൊഴിലില്ലാത്ത യുവജനങ്ങൾക്ക് നേരെയുള്ള ഈ വെല്ലുവിളികൾക്കെതിരെ നബാർഡ് എംപ്ലോയിസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകൾ സമരത്തിന്റെ പാതയിലാണ്. ജീവനക്കാരെ നിയമിക്കാതിരിക്കുകയും ആ ജോലികൾ മുഴുവൻ കൺസൾട്ടന്റുമാരെ ഏൽപ്പിച്ച് പുറം കരാർ നൽകുകയും ചെയ്യുന്ന തൊഴിലാളി വിരുദ്ധ സമീപനമാണ് മാനേജ്മെൻറ് സ്വീകരിച്ച് വരുന്നത്.
കേരളത്തോടുള്ള അവഗണനാത്മകമായ നയസമീപനം തിരുത്താൻ നബാർഡ് മാനേജ്മെന്റ് തയ്യാറാകണം. അല്ലാത്തപക്ഷം ബാങ്കിങ് മേഖലയിലെയും മറ്റും സംഘടനകളുമായി ചേർന്ന് ശക്തമായ സമരപരിപാടികൾക്ക് അസോസിയേഷൻ നേതൃത്വം നൽകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.