തിരുവനന്തപുരം> കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ മകളുടെ മുമ്പിൽ വച്ച് അച്ഛനെ മർദിച്ച സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മർദനത്തിന് ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയാണ് പൂവച്ചൽ പഞ്ചായത്ത് ക്ലർക്ക് കൂടിയായ ആമച്ചൽ ഗ്രീഷ്മത്തിൽ പ്രേമനനും (53) മകൾ മലയിൻ കീഴ് ഗവ. കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി രേഷ്മയും ഡിപ്പോയിൽ എത്തിയത്. കൺസഷൻ നൽകണമെങ്കിൽ ഡിഗ്രി കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ജീവനക്കാർ വ്യക്തമാക്കി. കോഴ്സ് സർട്ടിഫിക്കറ്റ് നേരത്തെ നൽകിയിട്ടുണ്ടെന്ന് പ്രേമനൻ പറഞ്ഞു.
കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കാതെ കൺസഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. “ആളുകളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് കൊണ്ടാണ് കെഎസ്ആർടിസി നന്നാവാത്തത്’ എന്ന് പ്രേമനൻ പറഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഡിപ്പോയിലെ വിശ്രമമുറിയിലേക്ക് വലിച്ചുകയറ്റി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്കും മർദനമേറ്റു.