തിരുവനന്തപുരം
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുമെന്ന സൂചനകൾ ശക്തമാകുമ്പോഴും പിന്തുണയ്ക്കാൻ മടിച്ച് കേരള നേതാക്കൾ. ഒരു ഘട്ടത്തിൽ തരൂരിനുവേണ്ടി സംസാരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം മലക്കംമറിഞ്ഞ് മൗനത്തിലായി. മുൻ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ളവർ തരൂരിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമേറ്റുപിടിച്ചാണ് കേരളനേതാക്കൾ തരൂർ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നത്. നെഹ്റു കുടുംബത്തിൽ നിന്നുള്ളവർക്കോ അവർ അംഗീകരിക്കാത്തവർക്കോ വോട്ടില്ലെന്നാണ് കെ മുരളീധരൻ എംപി പറഞ്ഞത്. തരൂർ രാഷ്ട്രീയനിലപാടുകളിൽ സ്ഥിരതയില്ലാത്തയാളാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം. രാഹുൽ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഉചിത സമയമിതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുലിനെ പ്രവർത്തകർ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ളവരുടെ പ്രതികരണം.
അടുത്ത ദിവസംമുതൽ നാമനിർദേശപത്രിക സമർപ്പിച്ച് തുടങ്ങാമെന്നിരിക്കെയാണ് തരൂരിനെതിരായ നീക്കം സംസ്ഥാനത്ത് സജീവമാകുന്നത്. നാമനിർദേശപത്രിക നൽകാൻ പത്ത് പേർ പിന്തുണയ്ക്കണം. കെപിസിസി അംഗങ്ങളിൽനിന്ന് തരൂരിന് ഇതുപോലും തികയില്ലെന്നാണ് നേതാക്കളുടെ പരിഹാസം. പ്രസിഡന്റ് സ്ഥാനത്തേക്കാൾ തരൂർ മോഹിക്കുന്നത് പ്രവർത്തകസമിതി അംഗത്വമാണെന്നും നേതാക്കൾ പറയുന്നു.
രാഹുൽ മാറിനിൽക്കുകയും അശോക് ഗെലോട്ടോ മുകുൾ വാസ്നികോ സ്ഥാനാർഥിയായാലും തരൂരിന് ജയം പ്രതീക്ഷിക്കാനാകില്ല. നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ളവർക്ക് ജയിക്കാൻ കഴിയുംവിധമുള്ള പിസിസി പട്ടികയാണ് ഹൈക്കമാൻഡ് ഓരോ സംസ്ഥാനത്തും തയ്യാറാക്കി നൽകിയത്.