ന്യൂഡൽഹി
ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ആദ്യ തെരഞ്ഞെടുപ്പ് മത്സരം നിയമം ലംഘിച്ചെന്ന് ആക്ഷേപം. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മത്സരിക്കാൻ 25 വയസ്സ് തികയണമെന്ന ഭരണഘടനാ വ്യവസ്ഥ ലംഘിച്ചാണ് 1974–-ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആരിഫ് മത്സരിച്ചത്. അനുപ്ഷഹർ മണ്ഡലത്തിൽ സ്വതന്ത്രാ പാർടിയുടെ സ്ഥാനാർഥിയായി കന്നിമത്സരത്തിന് ഇറങ്ങുമ്പോൾ ആരിഫിന് 25 തികഞ്ഞിരുന്നില്ല.
രേഖകൾ പ്രകാരം ആരിഫിന്റെ ജനന തീയതി 1951 നവംബർ 18 ആണ്. 1974 ഫെബ്രുവരിയിൽ യുപി നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുമ്പോൾ ആരിഫിന് 22 വർഷവും മൂന്ന് മാസവുമാണ് പ്രായം. ചതുഷ്കോണ മത്സരത്തിൽ ഭാരതീയ ക്രാന്തിദളിന്റെ കച്ചേരുസിങ് മോരിയ 16,866 വോട്ട് നേടി ജയിച്ചു. കോൺഗ്രസ് രണ്ടാമതും ജനസംഘം മൂന്നാമതുമായി. ആരിഫ് 11,301 വോട്ടോടെ നാലാമതെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമുമ്പ് അലിഗഢ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു ആരിഫ്. സ്വതന്ത്രാ പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പിലൂ മോദി ആ ഘട്ടത്തിൽ സർവകലാശാല സന്ദർശിച്ചിരുന്നു. പിലൂ മോദിയുടെ അനുയായിയായാണ് ആരിഫിന്റെ രാഷ്ട്രീയപ്രവേശം. സ്വതന്ത്രാ പാർടി ഇല്ലാതായതോടെ ആരിഫ്, ചരൺ സിങ്ങിന്റെ ഭാരതീയ ക്രാന്തിദളിൽ ചേർന്നു.
1977ൽ യുപിയിലെ സിയാര മണ്ഡലത്തിൽനിന്ന് ജനതാ പാർടി സ്ഥാനാർഥിയായി ആരിഫ് ജയിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരായ വികാരം ആളിക്കത്തിയ തെരഞ്ഞെടുപ്പിൽ യുപിയിൽ 47 സീറ്റിലേക്ക് കോൺഗ്രസ് ഒതുങ്ങി. 352 സീറ്റോടെ ജനതാ പാർടി ഭരണം പിടിച്ചു. കോൺഗ്രസ് വീണ്ടും കരുത്താർജിക്കുന്നുവെന്ന് ബോധ്യപ്പെട്ടതോടെ ആരിഫ് 1980ൽ കോൺഗ്രസിൽ ചേർന്ന് രണ്ടുവട്ടം എംപിയായി. എൺപതുകളുടെ അവസാനത്തിൽ ജനതാദൾ ശക്തിപ്പെട്ടപ്പോൾ അങ്ങോട്ട് ചാടി, വി പി സിങ് സർക്കാരിൽ മന്ത്രിയായി. പിന്നീട് ജനതാദൾ വിട്ട് ബിഎസ്പിയിൽ ചേർന്ന് 1998ൽ എംപിയായി. 2004ൽ ബിജെപിയിലെത്തി.