തിരുവനന്തപുരം> എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിൽ രജിസ്റ്റർ ചെയ്തത് 11,668 കേസ്. 802 മയക്കുമരുന്ന്, 2425 അബ്കാരി, 8441 നിരോധിത പുകയില കേസും ഇതിൽപ്പെടും. ആകെ 2832 പേർ അറസ്റ്റിലായി. അബ്കാരി കേസിൽ 1988പേരും മയക്കുമരുന്ന് കേസിൽ 824 പേരുമാണ് അറസ്റ്റിലായത്. ആഗസ്ത് അഞ്ച് മുതൽ സെപ്തംബർ 12 വരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ്. 16,306 റെയ്ഡ് നടത്തി.
1,46,773 വാഹനവും പരിശോധിച്ചു. ലഹരിവസ്തുക്കൾ കടത്തുകയായിരുന്ന 107 വാഹനം കസ്റ്റഡിയിലെടുത്തു. 525.3 കിലോ കഞ്ചാവ്, 397 കഞ്ചാവ് ചെടി, 10.5 കിലോ ഹാഷിഷ് ഓയിൽ, 796 ഗ്രാം ബ്രൗൺ ഷുഗർ, 113 ഗ്രാം ഹെറോയിൻ, 606.9ഗ്രാം എംഡിഎംഎ, 1569.6 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് അനധികൃതമായി കടത്തുകയായിരുന്ന 1440 ലിറ്റർ മദ്യവും 6832 ലിറ്റർ ഇന്ത്യൻനിർമിത വിദേശമദ്യവും 1020 ലിറ്റർ കള്ളും 491 ലിറ്റർ സ്പിരിറ്റും പിടികൂടി.
49,929 ലിറ്റർ വാഷ് നശിപ്പിച്ചിച്ചു. ഡ്രൈവിൽ സജീവമായി പങ്കെടുത്ത എല്ലാ ജീവനക്കാരെയും എക്സൈസ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. നവംബർ ഒന്നുവരെ മയക്കുമരുന്നിനെതിരെയുള്ള സ്പെഷ്യൽ ഡ്രൈവ് തുടരും. ഇത് വിജയിപ്പിക്കാൻ മുഴുവനാളുകളും സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.