ശൂരനാട്> വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനിൽ അജികുമാർ ശാലിനി ദമ്പതികളുടെ ഏക മകൾ അഭിരാമി (19) ആണ് മരിച്ചത്. പത്തനംതിട്ട എരുമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥിനിയാണ്.
പ്രവാസിയായിരുന്ന അജികുമാർ നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ ശാലിനി നീതി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയാണ്. അജികുമാർ കേരള ബാങ്ക് പതാരം ബ്രാഞ്ചിൽ നിന്ന് 2019ൽ പത്ത് ലക്ഷം രൂപ ലോൺ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ബോർഡ് സ്ഥാപിച്ചു. ഈ സമയം അജികുമാറിന്റെ അച്ഛനും അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് അജികുമാറും ഭാര്യയും കാര്യങ്ങൾ അന്വേഷിക്കാൻ ബാങ്കിലേക്ക് പോയ സമയത്താണ് സംഭവം. കിടപ്പുമുറിയിലെ ജനറൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയ അഭിരാമിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ജപ്തിയുണ്ടാകുമെന്ന മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ നിയമപ്രകാരമുള്ള കുടിശ്ശിക നോട്ടീസ് മാത്രമാണ് പതിച്ചതെന്നും ഇറക്കിവിടാനോ, ജപ്തി ചെയ്യാനോ ശ്രമിച്ചിട്ടില്ലെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു. കുടിശ്ശിക വന്നതോടെ പലതവണ നോട്ടീസ് നൽകിയിരുന്നു. വീട്ടിൽപോയി സംസാരിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച നോട്ടീസ് പതിക്കാൻ പോയപ്പോൾ രക്ഷിതാക്കളില്ലാത്തതിനാൽ സംസാരിക്കുക പോലും ചെയ്തിട്ടില്ല. നോട്ടീസ് സ്ഥാപിക്കുമ്പോൾ കുട്ടി ഇല്ലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ശാസ്താംകോട്ട ഡിവൈഎസ്പി ഷെരീഫിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യാക്കുറിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും ഡിവൈഎസ്പി പറഞ്ഞു. ഫോറൻസിക്ക് സംഘം റൂമിൽ പരിശോധന നടത്തും. മൃതദേഹം ബുധനാഴ്ച മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം ചെയ്ത ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.