കണ്ണൂർ> ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ച് ആർഎസ്എസ് കാര്യാലയത്തിൽ സംസ്ഥാന പ്രഭാരിയായി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂരിൽ സിപിഐ എം കൊലപാതകത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന അടിസ്ഥാന രഹിതആരോപണവും ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പാർടിക്കാരായ ആർഎസ്എസ്സുകാർ 67 സിപിഐ എം പ്രവർത്തകരെയാണ് ഈ ജില്ലയിൽ മാത്രം കൊലപ്പെടുത്തിയത്.
സംസ്ഥാനത്ത് ആറുവർഷത്തിനിടയിൽ 17 സിപിഐ എം പ്രവർത്തകരെയാണ് ആർഎസ്എസ്സുകാർ കൊന്നത്. ഇതിൽ പകുതിയോളം കാലയളവിൽ ഇദ്ദേഹമായിരുന്നല്ലോ ഇവിടെ ഗവർണർ. ഇർഫാൻ ഹബീബോ കെ കെ രാഗേഷോ മറ്റാരെങ്കിലുമോ 2019ൽ ചരിത്രകോൺഗ്രസിനിടെ ഗവർണറെ ആക്രമിക്കുകയോ കൈയേറ്റം ചെയ്യുകയോ ചെയ്തിട്ടില്ല. ഗവർണർതന്നെ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ ഇതിന് തെളിവാണ്. വേദിയിൽനിന്ന് സദസ്സിലേക്ക് പോയ കെ കെ രാഗേഷ് പ്രതിഷേധിക്കുന്നവരെ അനുനയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ജനങ്ങൾ കണ്ടത്. അതേസമയം, പൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ചുള്ള ഗവർണറുടെ പ്രകോപനപ്രസംഗമാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഗവർണറെ തടയുമെന്ന് അക്കാലത്ത് പ്രഖ്യാപിച്ചത് കോൺഗ്രസ്സും ലീഗുമാണ്. അതിനെത്തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ- 1408, 1409, 1410 എന്നിവ പ്രകാരം 2019 ൽ തന്നെ കേസെടുത്തിരുന്നു. കടലാസിൽ പ്രതിഷേധ വാക്കുകൾ എഴുതി ഉയർത്തിപ്പിടിക്കുന്ന ചരിത്ര കോൺഗ്രസ് പ്രതിനിധികൾക്കെതിരെയല്ല ഗവർണറെ തടയുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് -ലീഗുകാർക്കെതിരെയാണ് ഗവർണർ പ്രതികരിക്കേണ്ടത്. സാങ്കൽപ്പിക ശത്രുക്കളെ സൃഷ്ടിച്ച് അയാൾ കൊല്ലാൻ വരികയാണെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന ‘പാരനോയിഡ് ടെല്യൂഷൻ’ എന്ന മാനസികാവസ്ഥയിലാണെന്നും എം വി ജയരാജൻ പറഞ്ഞു.