തിരുവനന്തപുരം> ഏറെ കൊട്ടിഘോഷിച്ച് ഗവർണർ ഒന്നേമുക്കാൽ മണിക്കൂർ നേരം നടത്തിയവാർത്താസമ്മേളനം മല എലിയെ പ്രസവിച്ച പോലെയായി. രാജ്ഭവനിൽ വാർത്താസമ്മേളനം വിളിക്കുന്നത് ഇതാദ്യമാണ്. പകൽ 11.45ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കനത്ത സുരക്ഷാ പരിശോധനയ്ക്കുശേഷമാണ് മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചത്.
ചായസൽക്കാരത്തിനുശേഷമാണ് തുടങ്ങിയത്. കണ്ണൂരിലെ ചരിത്ര കോൺഗ്രസിലെ പ്രസംഗത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നു സ്ഥാപിക്കാൻ തയ്യാറാക്കിയ വീഡിയോ ആയിരുന്നു ആദ്യം പ്രദർശിപ്പിച്ചത്. എന്നാൽ, ഗവർണറുടെ പ്രസംഗത്തിൽ അസ്വസ്ഥനായി എഴുന്നേറ്റ ഇർഫാൻ ഹബീബിനെയല്ലാതെ വാദം ശരിവയ്ക്കുന്ന ഒന്നും ദൃശ്യങ്ങളിലുണ്ടായില്ല. പ്രസംഗിച്ച് മുഴുമിപ്പിക്കുന്നതുവരെയും ആരും അദ്ദേഹത്തെ ആക്രമിക്കുന്നുമില്ല.
രാജ്യസഭാംഗമായിരുന്ന കെ കെ രാഗേഷ് പ്രതിഷേധിച്ചവരെ അനുനയിപ്പിക്കാൻ സദസ്സിലേക്ക് ഇറങ്ങിച്ചെന്നതിനെ തെറ്റായി വ്യാഖ്യാനിക്കാനും ഗവർണർ ശ്രമിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്യരുതെന്ന് എംപി ആവശ്യപ്പെട്ടെന്ന നുണയും പറഞ്ഞു. വിദ്യാർഥികളുടെ പക്കലുണ്ടായിരുന്ന പ്ലക്കാർഡുകൾ മുൻകൂട്ടി തയ്യാറാക്കിയതെന്ന വാക്കുകളിലെ പൊള്ളത്തരം ദൃശ്യങ്ങൾതന്നെ പൊളിച്ചു. പ്ലക്കാർഡുകൾ എഴുതി തയ്യാറാക്കുന്നതടക്കം അതിൽ കാണാമായിരുന്നു.
മുഖ്യമന്ത്രി സ്വാധീനിക്കാൻ ശ്രമിച്ചതിനു തെളിവായി കത്തുകൾ പുറത്തുവിടുമെന്ന വീരവാദവും പൊളിഞ്ഞു. ചാൻസലറായി തുടരണമെന്ന് അഭ്യർഥിച്ച് നൽകിയ കത്താണ് വൻ തെളിവായി പുറത്തുവിട്ടത്. സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവ് പുറത്തുവിടുമെന്ന് പറഞ്ഞതിനെക്കുറിച്ച് ഓർമിപ്പിച്ചതോടെ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നായി ഗവർണർ. വിസി നിയമനത്തിൽ സർക്കാർ സമ്മർദം ചെലുത്തിയെന്നു പറഞ്ഞപ്പോൾ അതിന് വഴങ്ങിയതെന്തിനെന്ന ചോദ്യത്തിന് തനിക്ക് പറ്റിയ തെറ്റെന്നു പറഞ്ഞ് തടിയൂരി.
സർക്കാർ സമ്മർദതന്ത്രം പ്രയോഗിക്കുകയാണെന്ന് പലവുരു പറഞ്ഞ ഗവർണർക്ക് പക്ഷേ അതെന്തെന്ന് പറയാൻമാത്രം സാധിച്ചില്ല. ഒടുവിൽ ജയിൻ ഹവാല ഇടപാടിനെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരും സമ്മർദതന്ത്രത്തിന്റെ ഭാഗമാണെന്ന ആരോപണമുന്നയിച്ച് വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ ഭൂകമ്പം പ്രതീക്ഷിച്ച മാധ്യമങ്ങളും പ്രതിപക്ഷവും നിരാശരായി.