ന്യൂഡൽഹി
ആർഎസ്എസ് സംഘടനയായ പ്രജ്ഞാപ്രവാഹ് അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥി കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാൻ വടക്കുകിഴക്കൻ മേഖലയിലേക്കുള്ള ഗവർണറുടെ യാത്ര സർക്കാർ ചെലവിൽ. കേരളത്തിൽനിന്ന് ഡൽഹിയിൽ എത്തിയശേഷമാകും ഗുവാഹത്തിയിലേക്ക് പറക്കുക. പത്ത് ദിവസത്തോളം ആരിഫ് ഡൽഹിലുണ്ടാകും. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി ഗവർണർ കഴിഞ്ഞ ദിവസം തൃശൂരിൽ കൂടിയാലോചന നടത്തിയിരുന്നു.
ആർഎസ്എസ് സംഘടന പ്രജ്ഞാപ്രവാഹ് ഗുവാഹത്തിയിൽ ബുധനാഴ്ച മുതൽ നാല് ദിവസം സംഘടിപ്പിക്കുന്ന ‘ലോക്മന്ഥൻ’ പരിപാടിയിലാണ് ആരിഫ് പങ്കെടുക്കുക. മലയാളിയായ ആർഎസ്എസ് നേതാവ് ജെ നന്ദകുമാറാണ് പ്രജ്ഞാപ്രവാഹ് തലവൻ. ഗവർണറെന്ന നിലയിൽ സമീപകാലത്ത് പ്രത്യേക താൽപ്പര്യമെടുത്ത് സ്റ്റാഫിൽ നിയമിച്ച സംഘപരിവാർ മാധ്യമപ്രവർത്തകൻ വഴിയാണ് ആർഎസ്എസുമായുള്ള ബന്ധം ആരിഫ് മുറുക്കുന്നത്. ആർഎസ്എസിൽ സർസംഘചാലക് കഴിഞ്ഞാൽ രണ്ടാമനായ സർകാര്യവാഹ് ദത്താത്രേയ ഹൊസബല്ലെയും സമാപനചടങ്ങിനെത്തും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറാണ് ഉദ്ഘാടനം ചെയ്യുന്നത്.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരായി നിലപാടെടുത്ത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ് ആരിഫ് തുടക്കംമുതൽ ശ്രമിച്ചിരുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളായിരുന്നു ലക്ഷ്യം. എന്നാൽ, ന്യൂനപക്ഷ വിഭാഗക്കാർ ഈ രണ്ട് പദവിയിലേക്കും വേണ്ടെന്ന് സംഘപരിവാർ നിലപാടെടുത്തതോടെ ആരിഫിന്റെ സാധ്യത അടഞ്ഞു. തുടർന്ന്, നിശ്ശബ്ദനായിരുന്ന ആരിഫ് ഗവർണർ പദവിയിൽ ഒരു ഊഴംകൂടി ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങൾ നടത്തുന്നതെന്ന വിമർശം ശക്തമാണ്. ഗവർണർ പദവിയിൽ ആർക്കും ഒന്നിൽ കൂടുതൽ അവസരം വേണ്ടെന്ന പൊതുനിലപാടാണ് മോദി–-ഷാ കൂട്ടുകെട്ടിന്റേത്. ഇത് മറികടക്കണമെങ്കിൽ ആർഎസ്എസിന്റെ സമ്മർദം ആരിഫിന് ആവശ്യമാണ്. ഇതുകൂടി മുന്നിൽക്കണ്ടാണ് ആർഎസ്എസ് നേതൃത്വത്തെ സ്വാധീനിക്കാനുള്ള നീക്കം.