തിരുവനന്തപുരം
സംസ്ഥാനത്തെ 148 റോഡിൽ ഓപ്പറേഷൻ സരൾ രാസ്ത-–-3 എന്നപേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 67 എണ്ണത്തിൽ നിർമാണക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരം–– 18, കൊല്ലം–- -10, പത്തനംതിട്ട–– ആറ്, കോട്ടയം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിൽ നാലുവീതവും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ മൂന്നു വീതവും ഇടുക്കിയിൽ രണ്ടും മലപ്പുറത്ത് ഒന്നും റോഡുകളുടെ നിർമാണത്തിലാണ് പ്രാഥമിക പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
19 റോഡിൽ നിശ്ചിത അളവിനേക്കാൾ കുറഞ്ഞ കനത്തിലാണ് ടാർ ഉപയോഗിച്ചത്. എറണാകുളത്ത് ഒരു റോഡിൽ മതിയായ രീതിയിൽ ടാറും കൊല്ലത്തെ ഒരു റോഡിൽ ആവശ്യമായ വിധത്തിൽ റോളറും ഉപയോഗിച്ചില്ല. കോഴിക്കോട്ട് ഒരു റോഡ് നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകം പൊട്ടിപ്പൊളിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ പൂർത്തിയാക്കിയ 115 റോഡും പൊതുമരാമത്ത് വകുപ്പിന്റെ 24 റോഡും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് പൂർത്തിയാക്കിയ ഒമ്പത് റോഡുമാണ് പരിശോധിച്ചത്. ആറു മാസത്തിനകത്ത് നിർമാണം, അറ്റകുറ്റപ്പണി പൂർത്തിയാക്കിയ റോഡുകളായിരുന്നു ഇവ. സാമ്പിളും ശേഖരിച്ചു.
ലാബ് റിപ്പോർട്ട് ലഭിച്ചശേഷം തുടരന്വേഷണമുണ്ടാകുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. ആഗസ്ത് 17നു നടന്ന വിജിലൻസിന്റെ ഓപ്പറേഷൻ സരൾ രാസ്ത–- 2 പരിശോധനയിൽ 84 പിഡബ്ല്യുഡി റോഡും 23 എൽഎസ്ജിഡി റോഡുകളും ഉൾപ്പെടെ 107 റോഡിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു.