മലപ്പുറം
മുപ്പത്താറാമത് ദേശീയ ഗെയിംസിൽ കേരളത്തിന് 560 അംഗ സംഘം. 436 കായികതാരങ്ങൾ, പരിശീലകർ അടക്കം 120 ഒഫീഷ്യൽസ്, കേരള സംഘത്തലവൻ വി ദിജു, രണ്ട് സഹസംഘത്തലവൻമാർ, സൈക്കോളജിസ്റ്റ് എന്നിവരടങ്ങുന്നതാണിത്. 436 താരങ്ങളിൽ 197 പുരുഷന്മാരും 239 വനിതകളുമാണ്. 29 മുതൽ 12 വരെ ഗുജറാത്തിലാണ് ദേശീയ ഗെയിംസ്. 26 ഇനങ്ങളിലാണ് കേരളം മത്സരിക്കുക.
അത്ലറ്റിക്സിലാണ് കേരളത്തിനായി എറ്റവും വലിയ സംഘം ഇറങ്ങുക–- 30 വനിതകളും 19 പുരുഷന്മാരും അടക്കം 49 പേർ. 14 ഒഫീഷ്യൽസും അത്ലറ്റിക്സ് സംഘത്തിനൊപ്പമുണ്ട്. നീന്തലിന് 46 പേരാണ് സ്വിമ്മിങ് പൂളിലിറങ്ങുക. നീന്തൽസംഘത്തിനൊപ്പം അഞ്ച് ഒഫീഷ്യൽസുണ്ട്. ബാസ്കറ്റ്ബോൾ (5 x 5, 3 x 3) ടീമിൽ 32 താരങ്ങളുണ്ട്. വോളിബോൾ ക്യാമ്പിൽ 34 പേരും. അന്തിമ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഫുട്ബോളിൽ പുരുഷ ടീം മാത്രമാണുള്ളത് (20 താരങ്ങൾ).
ഇരുപത്തൊമ്പതിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സമീപദിവസങ്ങളിൽ നടക്കുന്ന ഇനങ്ങളിലെ താരങ്ങളാകും പങ്കെടുക്കുക. വിവിധ ഇനങ്ങളിലെ ടീമുകൾ മത്സര തീയതിക്ക് അനുസരിച്ചാകും ഗുജറാത്തിലേക്ക് പുറപ്പെടുക. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന കേരളത്തിന്റെ ഔദ്യോഗികസംഘം 25നോ 26നോ പുറപ്പെടും. ഒക്ടോബർ 12ന് സൂറത്തിലാണ് സമാപനച്ചടങ്ങ്.
രാജ്കോട്ടിൽ നടക്കുന്ന മത്സരങ്ങളുടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കോ–-ഓർഡിനേറ്ററായി കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ് രാജീവിനെ നിയമിച്ചു.