കൊച്ചി> സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിവാദ വിധി പ്രസ്താവിച്ച സെഷന്‍സ് ജഡ്ജിയെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജഡ്ജി കൃഷ്ണകുമാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്ഥലംമാറ്റം മരവിപ്പിച്ചത്.
കൊല്ലം ലേബര്‍ കോടതി ജഡ്ജിയായിട്ടായിരുന്നു കൃഷ്ണകുമാറിന്റെ നിയമനം. സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങള്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു സ്ഥലംമാറ്റം.ജസ്റ്റിസ് എ കെ ജയകൃഷ്ണന് നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്.
സ്ഥലംമാറ്റത്തെ ചോദ്യം ചെയ്ത് കൃഷ്ണകുമാര്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ നടപടി ശരിവെക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കൃഷ്ണകുമാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സ്ഥലംമാറ്റത്തില്‍ നീതിപൂര്‍വകമായ നടപടിയല്ല ഉണ്ടായത്. ഡെപ്യൂട്ടേഷന് പോസ്റ്റിലേക്കാണ് തന്നെ മാറ്റിയത്. ഡെപ്യൂട്ടേഷന് പോസ്റ്റിലേക്ക് മാറ്റുമ്പോള്‍ തന്റെ മുന്‍കൂര്‍ അനുമതി തേടിയില്ലെന്നും ജഡ്ജി കൃഷ്ണകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലൈംഗിക പീഡനപരാതിയില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതിക്കാരിയുടെ വസ്ത്രധാരണവും അതിക്രമത്തിന് പ്രേരണയായെന്ന് ജഡ്ജി വിധിയില്‍ നിരീക്ഷിച്ചിരുന്നു.