മ്യൂണിക്
ബാഴ്സലോണയ്ക്ക് ‘ബയേൺ കേറാമല’ തന്നെ. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ അഞ്ചാംതവണയും ബാഴ്സ ബയേണിനോട് തോറ്റു. ഇത്തവണ രണ്ട് ഗോളിനാണ് കീഴടങ്ങൽ. ആദ്യപകുതി കളംവാണ ബാഴ്സയെ ലൂക്കാസ് ഹെർണാണ്ടസിന്റെയും ലിറോയ് സാനെയുടെയും ഗോളിൽ ജർമൻകാർ വീഴ്ത്തി. നാല് മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും. ജയത്തോടെ ഗ്രൂപ്പ് സിയിൽ ആറ് പോയിന്റുമായി ബയേൺ ഒന്നാമതെത്തി. ബാഴ്സ മൂന്ന് പോയിന്റുമായി രണ്ടാമതാണ്. ഇന്റർ മിലാൻ (3) മൂന്നാമതുണ്ട്.
മുൻ തോൽവികളിൽ വിറച്ച് എതിർതട്ടകത്തിൽ എത്തിയ ബാഴ്സയ്ക്ക് നല്ല തുടക്കമായിരുന്നു. ബയേൺ വിട്ട് ബാഴ്സയിൽ ചേക്കേറിയ മുന്നേറ്റക്കാരൻ റോബർട്ട് ലെവൻഡോവ്സ്കിക്ക് ശോഭിക്കാനായില്ല. 18–-ാംമിനറ്റിൽ ഗാവി ഒരുക്കിയ അവസരം പാഴാക്കി. ഒരു ഹെഡ്ഡർ ബയേൺ ഗോളി മാനുവൽ ന്യുയർ കൈയിലൊതുക്കി. പന്തിൽ ആധിപത്യം പുലർത്തി കളിയിൽ മേധാവിത്വം നേടിയെങ്കിലും ലക്ഷ്യം കാണാൻ ബാഴ്സയ്ക്കായില്ല.
ഇടവേള കഴിഞ്ഞയുടനെ ബയേൺ ലീഡെടുത്തു. ജോഷ്വ കിമ്മിക്കിന്റെ നീക്കത്തിൽനിന്ന് ഹെർണാണ്ടസ് ലക്ഷ്യംകണ്ടു. പിന്നാലെ ജമാൽ മുസിയാള നൽകിയ പന്ത് സാനെയും വലകടത്തി. കളിയിലുടനീളം മികച്ചുനിന്നു പത്തൊമ്പതുകാരൻ മുസിയാള. അതിവേഗം രണ്ട് ഗോൾ വീണതോടെ ബാഴ്സയുടെ പിടിവിട്ടു. അതിനിടെ ഗാവിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തിരിച്ചടിക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല സാവിയുടെ ബാഴ്സയ്ക്ക്. ഒരിക്കൽക്കൂടി ബയേണിനെതിരെ കണ്ണീരോടെ കളമൊഴിഞ്ഞു.
ബയേൺ 2 ബാഴ്സലോണ 0
ലിവർപൂൾ 2 അയാക്സ് 1
സ്പോർട്ടിങ് 2 ടോട്ടനം 0
ഇന്റർ മിലാൻ 2 വിക്ടോറിയ 0
ലെവർകൂസെൻ 2 അത്ലറ്റികോ 0
ബ്രുജ് 4 പോർട്ടോ 0
ഫ്രാങ്ക്ഫുർട്ട് 1 മാഴ്സെ 0