താഷ്കെന്റ്
കോവിഡ് ഭീഷണിക്കുശേഷമുള്ള ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) നേരിട്ടുള്ള ആദ്യ ഉച്ചകോടി വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കും. അംഗരാജ്യങ്ങളായ ചൈന, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, തജികിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവയുടെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. നിരീക്ഷക അംഗങ്ങളായ അഫ്ഗാനിസ്ഥാൻ, ബെലാറസ്,മംഗോളിയ എന്നിവയുടെയും സംവാദ പങ്കാളികളായ കംബോഡിയ, നേപ്പാൾ, ശ്രീലങ്ക, തുർക്കിയെ, അർമേനിയ, അസർബൈജാൻ എന്നിവയിൽനിന്നുള്ള പ്രതിനിധകളും ഉച്ചകോടിയുടെ ഭാഗമാകും. ഉച്ചകോടിക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ചൈനയ്ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നത്. ബുധനാഴ്ച കസാഖ്സ്ഥാൻ സന്ദർശനം പൂർത്തിയാക്കിയാണ് ഷി സമർഖണ്ഡിലേക്ക് തിരിച്ചത്.
കിർഗിസ്ഥാനിലെ ബിഷെക്കിൽ 2019ലാണ് അവസാനമായി പ്രതിനിധികൾ നേരിട്ട് പങ്കെടുത്തുള്ള എസ്സിഒ ഉച്ചകോടി നടന്നത്.
ഉച്ചകോടിയിൽ ഇറാന്റെ അംഗത്വ അപേക്ഷ അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇന്ത്യയെ അടുത്ത അധ്യക്ഷ രാഷ്ട്രമായി തെരഞ്ഞെടുക്കും.