കോഴിക്കോട്> വിജിലൻസ് പിടികൂടിയ 47ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നൽകിയ ഹർജി പരിഗണിക്കുന്നത് കോഴിക്കോട് വിജിലൻസ് കോടതി ഒക്ടോബർ പത്തിലേക്ക് മാറ്റി. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. ഇത് പരിശോധിക്കാൻ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഹർജി മാറ്റിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്ത 47. 35 ലക്ഷം രൂപ തിരികെ വേണമെന്നാണ് ഷാജി ഹർജി നൽകിയത്.
2013ൽ അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. തുടർന്നാണ് വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി പണം പിടിച്ചത്.