കൊച്ചി> തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സര്വേറ്ററുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂര്ണമായി നഷ്ടപ്പെട്ടുവെന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സര്വേറ്ററുടെ റിപ്പോര്ട്ട് പ്രകാരമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആനയെ എഴുന്നള്ളിക്കുന്നത് പൂര്ണമായി വിലക്കണമെന്നും റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരുന്നു.
ആനയുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായ വാദം കേള്ക്കുന്നതുവരെയാണ് വിലക്ക്. ആനയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി സംബന്ധിച്ച് ആറാഴ്ച്ചക്കകം മറുപടി അറിയിക്കാന് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിര്ദേശം നല്കി.ഇടുക്കി കേന്ദ്രമായുള്ള ഒരു സൊസൈറ്റി സമര്പ്പിച്ച ഹര്ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അനു ശിവരാമന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്
കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കല് റിപ്പോര്ട്ടിന് ശേഷവും ആനയെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുകയും, 2019ല് ആന രണ്ടുപേരെ കൊല്ലുകയും ചെയ്തു. തുടര്ന്ന് ആനയെ എഴുന്നള്ളിക്കുന്നത് വിലക്കിയിരുന്നെങ്കിലും 2020ല് വിലക്ക് താല്കാലികമായി പിന്വലിച്ചു. ഇതിനെതിരെയാണ് ഇടുക്കി കേന്ദ്രമായുള്ള സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.