തിരുവനന്തപുരം
ജനാധിപത്യമെന്ന് പേരിട്ട് കോൺഗ്രസിൽ കാലങ്ങളായി തുടരുന്ന ഹൈക്കമാൻഡ് സംസ്കാരത്തിനെതിരെ രൂക്ഷവിമർശവുമായി ശശി തരൂർ. കോൺഗ്രസിലുള്ളത് ‘ഹൈക്കമാൻഡ് സംസ്കാരം’ ആണെന്നും അതിന് അറുതി വരുത്തണമെന്നും പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.
സംഘടനാ ഭാരവാഹികളെ ജനാധിപത്യപരമായി തെരഞ്ഞെടുക്കണം. അതിന് അടിത്തട്ടുവരെ അവകാശം നൽകണം. ജില്ലാ കോൺഗ്രസ് അധ്യക്ഷരെ തെരഞ്ഞെടുക്കുന്നതിൽ ഹൈക്കമാൻഡോ എഐസിസി അധ്യക്ഷനോ ഇടപെടേണ്ടതില്ല. സംസ്ഥാന നേതൃത്വത്തിന് വിടണം.
സംഘടനാമികവ് മാത്രംവച്ച് ഒരാളെ എഐസിസി അധ്യക്ഷനാക്കിയാൽ വോട്ടുനേടാൻ കഴിയില്ല. ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള ‘ഊർജിത പ്രഭാവനായ’ ഒരാളെ അധ്യക്ഷനാക്കിയാൽ വോട്ട് സമാഹരിക്കാം. മത ജാതി ഭാഷാ പരിഗണനകളേതുമില്ലാതെ ‘ഏവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ’ എന്ന ആശയം മുന്നോട്ടുവയ്ക്കാൻ തനിക്കാകും. ഭാരത് ജോഡോ പോലെതന്നെ പ്രധാനമാണ് കോൺഗ്രസ് ജോഡോ എന്ന മുദ്രാവാക്യമെന്നും തരൂർ ലേഖനത്തിൽ പറഞ്ഞു.