മൂവാറ്റുപുഴ
ചക്രക്കസേരയിൽ ജീവിതത്തിന്റെ ഓരോ പടിയും മുന്നേറുമ്പോഴും ശാരീരികപരിമിതികള് വിവാഹജീവിതത്തിന് തടസ്സമാണെന്ന ധാരണയിലായിരുന്നു ശ്രുതി. മുന്നോട്ടുള്ള യാത്രയ്ക്ക് സ്നേഹത്തിന്റെ ഇന്ധനം പകർന്ന് ജയരാജ് കൈപിടിച്ചതോടെ ആ ധാരണ തിരുത്തപ്പെട്ടു. സെറിബ്രല് പാള്സി രോഗംമൂലം ജന്മനാ ചലനശേഷി നഷ്ടപ്പെട്ടയാളാണ് ശ്രുതി. തൃക്കളത്തൂര് പുഞ്ചക്കാലായില് ആര് സുകുമാരന്റെയും സുജയുടെയും മകൾ ശ്രുതിയും കോതമംഗലം തൃക്കാരിയൂര് മോളത്തേകുടിയില് ശിവന്–- -രാജമ്മ ദമ്പതികളുടെ മകൻ ജയരാജും സ്പെഷ്യൽ മാരേജ് ആക്ടുപ്രകാരമാണ് വിവാഹിതരായത്. കുഞ്ഞായിരിക്കുമ്പോൾ ശ്രുതിക്ക് തല നിവര്ത്താന് കഴിയുമായിരുന്നില്ല.
ചക്രക്കസേരയിലാണ് ജീവിതത്തിന്റെ ഓരോ പടിയും മുന്നേറിയത്. തണലും കരുത്തുമായി മാതാപിതാക്കളും സഹോദരന് ആനന്ദും ഒപ്പമുണ്ടായി. കേരളത്തിലും പുറത്തും ചികിത്സിക്കാത്ത ഇടങ്ങളില്ല. ഒരു കൈ ഭാഗികമായി ചലിപ്പിച്ച് എഴുതാൻ തുടങ്ങിയതോടെ പഠനത്തിൽ ശ്രുതി കഴിവ് തെളിയിച്ചു. പഠനത്തിന് ഡോക്ടര് നിര്ദേശിച്ചെങ്കിലും സ്കൂള് പ്രവേശം സാധ്യമായില്ല. അമ്മ സുജയുടെ ശിക്ഷണത്തിൽ യുപി വിദ്യാഭ്യാസം. പത്താംതരം പരീക്ഷയെഴുതാന് മണ്ണൂര് എന്എസ്എസ് സ്കൂള് അധ്യാപകര് പിന്തുണ നല്കി. ഡിസ്റ്റിങ്ഷനോടെ എസ്എസ്എല്സിയും കീഴില്ലം സെന്റ് തോമസ് ഹൈസ്കൂളില്നിന്ന് പ്ലസ്ടുവും വിജയിച്ചു.
വിദൂരവിദ്യാഭ്യാസത്തിലൂടെ ബികോം കോ-ഓപ്പറേഷൻ വിജയിച്ച ശ്രുതി, നിലവിൽ ഭാരതീയാർ സർവകലാശാലയിൽ എംബിഎ പഠിക്കുന്നു.
അംഗപരിമിതരുടെ സംവരണത്തിൽ ഏഴുവര്ഷമായി ശ്രുതി മൂവാറ്റുപുഴ അര്ബന് ബാങ്കിൽ സീനിയര് ക്ലര്ക്കാണ്. പാട്ടിലും ചിത്രരചനയിലും കഥ, -കവിത രചനയിലും മികവ് തെളിയിച്ചു.ഇതിനിടെ നട്ടെല്ല് വളയുന്ന സ്കോളിയോസിസ് രോഗം ബാധിച്ചു. അമൃത ആശുപത്രിയിലെ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കി. വര്ഷങ്ങള്ക്കുമുമ്പ് പരിചയപ്പെട്ട അധ്യാപകസുഹൃത്ത് ജയരാജ് എന്നും ശ്രുതിക്ക് മാനസികപിന്തുണ നല്കി. ഡോ. കൃഷ്ണകുമാറാണ് ശ്രുതിയെ വിവാഹജീവിതത്തിന് ചിന്തിപ്പിച്ചത്. പരിമിതികള് അറിയുന്നയാളെ കണ്ടെത്താൻ ഡോക്ടര് നിര്ദേശിച്ചു. ജയരാജിന്റെ വിവാഹവാഗ്ദാനത്തിന് ശ്രുതി സമ്മതിച്ചു.
വിവാഹത്തിൽ ഇരുവീട്ടുകാരും അടുത്ത ബന്ധുക്കളും പങ്കെടുത്തു. മോട്ടോർ ഘടിപ്പിച്ച ചക്രക്കസേരയിലിരുന്ന് ജയരാജിനൊപ്പം കുടുംബജീവിതത്തിന്റെ പുതിയ സ്നേഹതാളം ചേർത്തുവയ്ക്കുകയാണ് ഇപ്പോൾ ശ്രുതി.