കോവളം> സഹപാഠികൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി മുങ്ങിമരിച്ചു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് ഷെഹിൻ മൻസിലിൽ എൻ എച്ച് ഷാജി– ഷക്കീല ബീവി ദമ്പതികളുടെ മകൻ ഷെഹിൻ ഷാ (21)യാണ് മരിച്ചത്. ചൊവ്വ വൈകിട്ട് നാലരയോടെ വെള്ളാറിലെ സമുദ്രാപാർക്കിന് സമീപത്തെ കടലിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാജ് ജവാദ്, പവൻ, ആദിത്യ ജെ കമ്മത്ത് എന്നിവരാണ് രക്ഷപ്പെട്ടത്.
വെള്ളാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിലെ മൂന്നാം വർഷ വിദ്യാർഥിയാണ് ഷെഹിൻ ഷാ. രാവിലെ മിഡ് ടേം പരീക്ഷ എഴുതിയ ശേഷമാണ് നാലുപേർ കടൽത്തീരത്തേക്ക് പോയത്. കുളിക്കാൻ കടലിലിറങ്ങിയെങ്കിലും ശക്തമായ തിരയായതിനാൽ കരയിലേക്ക് തിരികെ കയറുന്നതിനിടെ വൻ തിരയിൽപ്പെട്ട് ഷെഹിൻ ഷായെ കാണാതാകുകയായിരുന്നു. നാട്ടുകാർ വിവരം വിഴിഞ്ഞം കോസ്റ്റൽ പൊലീസിലറിയിച്ചു.
മീൻപിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളക്കാരും സഹായത്തിനെത്തി. ഇവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷെഹിൻ ഷായെ കണ്ടെത്തിയത്. ലൈഫ് ഗാർഡും കോസ്റ്റൽ പൊലീസിലെ വാർഡൻമാരും പ്രഥമശുശ്രൂഷ നൽകി വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു.