തിരുവനന്തപുരം> ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഗുജറാത്ത് ഒഴിവാക്കിയും യുപിയിൽ രണ്ടു ദിവസംമാത്രം ഒതുക്കിയും ആണോ ബിജെപിയെ തുരത്താനുള്ള യാത്രയെന്ന കാതലായ ചോദ്യത്തിനു മറുപടിയില്ലാതെ രാഹുൽ ഗാന്ധിയുടെ യാത്ര ഒരാഴ്ച പിന്നിട്ടു. ബിജെപിക്ക് നിയമസഭാഗം പോലുമില്ലാത്ത കേരളത്തിൽ 19 ദിവസവും യുപിയിൽ രണ്ടു ദിവസവും മാത്രം യാത്ര നടത്തുന്നത് ശരിയോ എന്ന കോൺഗ്രസുകാരിൽനിന്നടക്കം ഉയർന്ന ചോദ്യത്തോട് രാഹുൽ ഗാന്ധിയോ സഹയാത്രികരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബിജെപിയെ ഒഴിവാക്കാൻ കേരളത്തിൽ 19 ദിവസം യാത്ര വേണോ എന്ന ചോദ്യത്തോട് കേരളം ഇന്ത്യയിലല്ലേ എന്ന മറുചോദ്യം ചോദിച്ച് ഒഴിയുകയായായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആർഎസിഎസിനെതിരായ പോരാട്ടം തുടരും എന്നു മാത്രമായിരുന്നു തുടർന്നുള്ള പ്രതികരണം. കേന്ദ്ര ബിജെപി സർക്കാരിനെയോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയോ നേരിട്ട് വിമർശിക്കാൻ രാഹുൽ ഗാന്ധി യാത്രയിലിതുവരെ തയ്യാറായിട്ടില്ല. വിലക്കയറ്റത്തെയും വിദ്വേഷരാഷ്ട്രീയത്തെയും പരാമർശിച്ചെങ്കിലും അതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെയോ ആർഎസ്എസിനെയോ കുറ്റപ്പെടുത്താതിരിക്കാനും ശ്രദ്ധിച്ചു. മറിച്ച്, എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെയാണ് കുറ്റപത്രം. യാത്രയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ദേശീയ നേതാക്കൾതന്നെ സിപിഐ എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രംഗത്തുവന്നു. മോഡിയെ കുറിച്ച് മിണ്ടിയില്ലെങ്കിലും മുണ്ടുടുത്ത മോഡിയെന്ന് പിണറായി വിജയനെ ആക്ഷേപിക്കുംവരെ കാര്യങ്ങളെത്തി.
എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികളെ എതിർക്കുന്ന സമരക്കാരുമായെല്ലാം ചർച്ചയ്ക്ക് സമയം കണ്ടെത്തിയ രാഹുൽ ഗാന്ധി, കേന്ദ്ര ബിജെപി സർക്കാരിന്റെ നയംമൂലം പൂട്ടിപ്പോയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ തൊഴിലാളികളെ കാണാൻ കൂട്ടാക്കിയില്ല. കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ വിജയ മോഹിനി മില്ലിൽ ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകളാണ് മാസങ്ങളായി സമരത്തിലുള്ളത്. കേന്ദ്രം വിൽപ്പനയ്ക്കുവച്ച എച്ച്എൻഎല്ലിനെ കുറിച്ചും അവിടത്തെ ആയിരക്കണക്കിനു തൊഴിലാളികളെ കുറിച്ചും രാഹുൽ ഗാന്ധിയോ ഒപ്പമുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കളോ ഇതുവരെ വാതുറന്നിട്ടില്ല.