കോട്ടയം> വിദ്യാര്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ പ്രൊഫ. എന് എം ജോസഫ് കോൺസിലെ സോഷ്യലിസ്റ്റ് ചേരിക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് സംഘടനാ കോൺഗ്രസിനൊപ്പം നിന്ന അദ്ദേഹം പിന്നീട് ജനതാപാര്ട്ടിയിലെത്തി. 1987ൽ നിയമസഭാതിരഞ്ഞെടുപ്പില് യുഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില് അതിന്റെ കുത്തകക്കാരനായി അറിയപ്പെട്ടിരുന്ന പി സി ജോര്ജിനെ തോല്പ്പിച്ച് നിയമസഭയിലെത്തുകയും അത്യന്തം നാടകീയമായ ചില സംഭവങ്ങള്ക്കൊടുവില് ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാവുകയുമായിരുന്നു.
കേരളരാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും ഗതിനിര്ണ്ണായകമായ ഒരു കാലഘട്ടത്തില് സംശുദ്ധമായ രാഷ്ട്രീയപ്രവര്ത്തനം നടത്തിയ അദ്ദേഹത്തിന്റെ അറിയപ്പെടാത്ത ഏടുകൾ എന്ന ആത്മകഥയില് ഒട്ടേറെ സംസ്ഥാന-കേന്ദ്രഗവണ്മെന്റുകളുടെ ചരിത്രം കടന്നു വരുന്നു.
നയനാര് മന്ത്രിസഭയിലെ അംഗമെന്ന നിലയക്ക് താന് നേരിട്ടറിഞ്ഞ വനംവകുപ്പിലെ അഴിമതി, ആദിവാസി സംരക്ഷണത്തിന്റെ പേരില് അരങ്ങേറുന്ന തട്ടിപ്പുകള്, വനവത്കരണത്തിന്റെ പേരില് വനംമന്ത്രാലയത്തിന്റെ ഫണ്ട് തട്ടിയെടുക്കുന്നവര്, മാവൂര് ഗ്വാളിയോര് റയോണ്സിന്റെ പുനരുജ്ജീവനശ്രമങ്ങള്, മീനച്ചില് നദീതടപദ്ധതി തുടങ്ങിയവയെപ്പറ്റിയൊക്കെ അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്.
കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ എസ് യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് വന്നത്. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിൽ ഉറച്ചുനിന്നു. സംഘടനാ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 1977 സംഘടനാ കോൺഗ്രസ് കൂടി ചേർന്ന് ജനതാ പാർട്ടി രൂപം കൊണ്ടപ്പോൾ അതിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു.
1981-83 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി. 1984- 88 കാലത്ത് പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്നു. 1982ൽ പൂഞ്ഞാർ അസംബ്ലി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1987ൽ ഇതേ നിയോജക മണ്ഡലത്തിൽനിന്ന് ജനതാ പാർട്ടിയെ പ്രതിനിധികരിച്ച് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു.
1987- 91ൽ നാലുവർഷം സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്നു. മികച്ച സഹകാരി ആയിരുന്ന അദ്ദേഹം പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റായും പ്രവർത്തിച്ചു. കേരള സർവകലാശാല സെനറ്റ് അംഗം, സ്വകാര്യ കോളജ് അധ്യാപക സംഘടന എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ എസ് ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഗൾഫ് യുദ്ധകാലത്ത് അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ മന്ത്രി കെ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ജോർദാനിലേക്ക് പോയ ഔദ്യോഗിക സംഘത്തിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.