കോട്ടയം> പ്രൊഫ. എം കെ സാനുവിനും പ്രൊഫ. സ്കറിയ സക്കറിയ്ക്കും ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി ലിറ്റ്) ബഹുമതി നൽകാൻ എംജി സർവകലാശാലാ തീരുമാനം. ഫ്രഞ്ച് ഗവേഷകരായ ഡിഡിയ റൂസലിനും യവ്സ് ഗ്രോഹെൻസിനും ഡോക്ടർ ഓഫ് സയൻസും(ഡിഎസ്സി) സമ്മാനിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാഴം പകൽ 11ന് സർവകലാശാലാ അസംബ്ലി ഹാളിൽ നടക്കുന്ന പ്രത്യേക ബിരുദദാന സമ്മേളനത്തിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ബിരുദങ്ങൾ സമ്മാനിക്കും. പ്രൊഫ. എം കെ സാനു മലയാള വിജ്ഞാന സാഹിത്യശാഖയുടെ വികാസത്തിനും വിപുലീകരണത്തിനും നിർണായക സംഭാവനകൾ നൽകിയതായി എംജി സിൻഡിക്കറ്റ് വിലയിരുത്തി. മലയാളത്തിന് ആദ്യ നിഘണ്ടു സമ്മാനിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ സംഭാവനകൾ ഭാഷാലോകത്തെ അറിയിച്ചതിനാണ് പ്രൊഫ. സ്കറിയ സക്കറിയക്ക് അംഗീകാരം.