ചേര്ത്തല> 73-ാം വയസില് പൂര്ണ ആത്മവിശ്വാസത്തോടെ പത്താം തരം പരീക്ഷ എഴുതി നടി ലീനാ ആന്റണി. ഇന്ന് നടന്ന സംസ്ഥാന സാക്ഷരത മിഷന്റെ 10–ാംതരം തുല്യത പരീക്ഷയാണ് ലീന എഴുതിയത്. നാടകത്തിലും തുടര്ന്ന് അടുത്ത കാലത്ത് സിനിമയിലും ശ്രദ്ധ നേടിയ ലീന ആന്റണി നാടകപ്രവര്ത്തകനും ചിലച്ചിത്ര നടനുമായിരുന്ന പരേതനായ കെ എല് ആന്റണിയുടെ ഭാര്യയാണ്.
തൈക്കാട്ടുശേരി ഉളവയ്പ് സ്വദേശിനിയായ ലീന ഏഴാം ക്ലാസ് വിജയിച്ചെങ്കിലും തുടര്പഠനം നടത്താന് അന്നത്തെ സാഹചര്യത്തില് കഴിഞ്ഞില്ല. പിന്നീട് ആന്റണിക്കൊപ്പം വിവാഹവും നാടക തിരക്കുമായി ജീവിതം മാറി. ആന്റണിയുടെ മരണത്തോടെയുണ്ടായ ഒറ്റപ്പെടല് മാറാന് പഠനത്തിലേക്ക് തിരിയുകയായിരുന്നു. മക്കളും കൂടെ നിന്നു.
പാണാവള്ളി എന്എസ്എസ് സ്കൂളിലെ കേന്ദ്രത്തിലാണ് തുല്യത ക്ലാസില് പങ്കെടുത്തത്. പ്രേരക് രമണിയുടെ സഹായത്തോടെ പാഠഭാഗങ്ങള് ഹൃദിസ്ഥമാക്കിയാണ് തയാറെടുപ്പ് നടത്തിയത് . ചേര്ത്തല ഗവ. ഗേള്സ് എച്ച്എസ്എസിലെ കേന്ദ്രത്തില് ലീനക്കൊപ്പം മറ്റ് 23 പേര്കൂടി പരീക്ഷയെഴുതുന്നുണ്ട്.
നാടകത്തിലുണ്ടായിരുന്നെങ്കിലും ‘മഹേഷിന്റെ പ്രതികാരം’ സിനിമയില് അമ്മച്ചിയായാണ് ലീന വെള്ളിത്തിരയില് എത്തിയത്. അതില് ഭര്ത്താവ് ആന്റണിയും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ജോ ആന്റ് ജോ, മകള് എന്നീ സിനിമകളിലും ലീന അഭിനയിച്ചു. നാടകത്തിലെ വലിയ ഡയലോഗുകള് കാണാപാഠമാക്കിയ പരിചയം പഠനത്തെ സഹായിക്കുന്നുണ്ടെന്ന് ലീന പറഞ്ഞു.