തിരുവനന്തപുരം
ഓണം സുഭിക്ഷമാക്കിയിട്ടും സംസ്ഥാന ട്രഷറിയിലെ പ്രവർത്തനം സാധാരണ നിലയിൽ. കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിനിടയിലും അസാധാരണ നിയന്ത്രണത്തിനുള്ള സാഹചര്യം നിലവിലില്ല. കഴിഞ്ഞ രണ്ടാഴ്ചയിൽ 15,700 കോടി രൂപയാണ് സർക്കാരിന്റെ ചെലവ്. എല്ലാ വിഭാഗം ജനങ്ങൾക്കും സഹായമെത്തിച്ചു. എന്നിട്ടും 560 കോടിമാത്രമാണ് വേയ്സ് ആൻഡ് മീൻസ് വായ്പ എടുക്കേണ്ടിവന്നത്. 2322 കോടിവരെ എടുക്കാം. ഈ പരിധി കടന്നാലെ ഓവർഡ്രാഫ്റ്റ് പ്രശ്നമുള്ളു.
സംസ്ഥാനത്ത് വരവും ചെലവും തമ്മിലെ അന്തരം കുറയ്ക്കാനുള്ള പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. നികുതി, നികുതിയേതര വരുമാനം ഉയർത്തി അനാവശ്യച്ചെലവ് ഒഴിവാക്കിയാണ് ഈ ആസൂത്രണം. തനത് നികുതി വിഹിതം ഉയരുന്നുണ്ട്. ലോട്ടറി, പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽനിന്നുള്ള വരുമാനം ട്രഷറിയിൽ എത്തുന്നു. ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടനയും പുതിയ പദ്ധതിയും വരുമാനം ഉയർത്തുമെന്നാണ് പ്രതീക്ഷ. ഡിസംബർവരെ വലിയ പ്രയാസമില്ലാതെ മുന്നോട്ടുപോകാനാകും. അതുകഴിഞ്ഞ് വായ്പ അനുമതി ഉറപ്പാക്കാനാകും എന്നാണ് ധന വകുപ്പിന്റെ പ്രതീക്ഷ.
അതേസമയം, കേന്ദ്രനയംകാരണം സംസ്ഥാന വരുമാനത്തിൽ 23,000 കോടി രൂപ ഈവർഷം കുറയും. റവന്യൂകമ്മി ഗ്രാന്റ് 7000 കോടിയാണ് കുറച്ചത്. ജിഎസ്ടി നഷ്ടപരിഹാരം 12,000 കോടി ഇല്ലാതാക്കി. വായ്പാ പരിധി 3.5 ശതമാനമാക്കി. കടമെടുപ്പിൽ 3,578 കോടി കുറച്ചു. കഴിഞ്ഞവർഷം കേന്ദ്ര നികുതി വിഹിതവും ഗ്രാന്റും ലഭിച്ചത് 47,837 കോടിയാണ്. ഈവർഷം ഇത് 13,139 കോടിയായി. ഇതിൽ ലഭ്യമാക്കിയത് വെറും 4391 കോടി മാത്രമാണ്.
വേയ്സ് ആൻഡ് മീൻസ്
പണ ലഭ്യത ഉറപ്പാക്കലിലെ പതിവ് രീതിയാണ് വേയ്സ് ആൻഡ് മീൻസ്. ചെലവ് ട്രഷറി വരവിനേക്കാൾ അധികമാകുമ്പോൾ സർക്കാരിന്റെ ഏജൻസി ബാങ്കുവഴി റിസർവ് ബാങ്ക് മുൻകൂർ വായ്പ ലഭ്യമാക്കും. ഇത് തൊണ്ണൂറ് ദിവസത്തിനകം തിരിച്ചടയ്ക്കണം.
വരുമാനം ഉയർത്തി മുന്നോട്ട്
സംസ്ഥാനത്തെ വരവും ചെലവും തമ്മിലെ അന്തരം കുറയ്ക്കാൻ നടപ്പാക്കുന്നത് കൃത്യമായ പദ്ധതി. നികുതി, നികുതിയേതര വരുമാനം ഉയർത്തി അനാവശ്യച്ചെലവ് ഒഴിവാക്കിയാണ് ഈ ആസൂത്രണം. ഒപ്പം ജീവനക്കാരുടെ കാര്യക്ഷമത ഉയർത്തിയും, അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്ക് പുനർവിന്യസിച്ചും സേവനവും മെച്ചപ്പെടുത്തി. തനത് നികുതി വരുമാനത്തിൽ 13 ശതമാനം വർധന ഈവർഷം ലക്ഷ്യമിടുന്നുണ്ട്. രാജ്യത്താദ്യമായി ചരക്ക് സേവന നികുതി വകുപ്പിനെയും പുനസംഘടിപ്പിച്ചു. നികുതിദായക സർവീസിനുപുറമെ, ഓഡിറ്റ്, ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ രൂപീകരിച്ചു. റിട്ടേൺ പരിശോധന ശക്തമാക്കി നികുതി ചോർച്ച തടയുന്നു. ജിഎസ്ടിയിലെ പഴുതും പരമാവധി അടയ്ക്കും. ലക്കി ബിൽ ആപ് വഴി ബിൽ ചോദിച്ചുവാങ്ങുന്ന ശീലം വർധിപ്പിക്കാനായി. അടിസ്ഥാന ഭൂനികുതി പരിഷ്കരണവും ഉറപ്പാക്കി. ഭൂമിന്യായവിലയിൽ പത്തുശതമാനം ഒറ്റത്തവണ വർധന നടപ്പാക്കി. നികുതി കുടിശ്ശിക പിരിവിനായി ആരംഭിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫലപ്രദമാകുന്നതായാണ് വിലയിരുത്തൽ. ഭൂമിയുടെ അണ്ടർവാല്യുവേഷൻ കേസുകളിലും സമാന പദ്ധതി പ്രഖ്യാപിച്ചു. സർക്കാർ ഗ്യാരണ്ടി പരിധി നിയമഭേദഗതിയും വരുമാനം ഉയർത്താൻ സഹായിക്കും.