തൃശൂർ
കാർമേഘം നീങ്ങി, മടയിൽനിന്ന് പുലിക്കൂട്ടമിറങ്ങി. ചീറിയടുത്ത പുലികളെ ജനം വളഞ്ഞു. പിന്നെ പുല്യോളും ആളോളും ചീറി. ആരവങ്ങളിൽ അവർ ഒന്നായി. എല്ലാം ജോറായി. അഞ്ചു സംഘങ്ങളിലായി 250 പേരാണ് തൃശൂരിനെ വിറപ്പിക്കാനിറങ്ങിയത്. പെരുമ്പറത്താളത്തിനൊപ്പം അരമണി കിലുക്കി മണിക്കൂറുകൾ അവർ നഗരം കൈയടക്കി. കുടവയറനും ന്യൂജെനും എൽഇഡി പുലികളുമെല്ലാം കണ്ണിന് വിരുന്നായി. മഹാമാരിയുടെ പിടി പൊട്ടിച്ച് അവരെല്ലാം തേക്കിൻകാടിന് ചുറ്റും ഓടിനടന്നു.
നാലാം ഓണനാളിൽ പുലർച്ചെമുതലാണ് മെയ്യെഴുത്ത് തുടങ്ങിയത്. ചായം വീണ ശരീരങ്ങൾ പതിയെ പുലിരൂപമായി. വൈകിട്ട് അഞ്ചോടെ തൃശൂർ റൗണ്ടിലെത്തി. പൂങ്കുന്നം സംഘമാണ് ആദ്യമിറങ്ങിയത്. നടുവിലാൽ ഗണപതിക്കുമുന്നിൽ നാളികേരം ഉടച്ച് അവർ ഉറഞ്ഞുതുള്ളി. കുട്ടികളുടെ അഭ്യാസം വേറിട്ട്നിന്നു. കാനാട്ടുകരയിൽ നിന്ന് കൂട്ടിലടച്ചും, അയ്യന്തോളിൽ കുതിരപ്പുറത്തേറിയുമാണ് പുലിയെത്തിയത് . ഒടുവിലെത്തിയ വിയ്യൂർ സംഘത്തിലെ അച്ഛനും മകനും മകളും നാട് വിറപ്പിച്ചു. കോവിഡ് കാലത്തെ കേരളത്തിന്റെ ആരോഗ്യ പ്രതിരോധ കരുത്ത് കാനാട്ടുകരക്കാരുടെ നിശ്ചലദൃശ്യം തെളിയിച്ചു. ആകർഷകമായ നിശ്ചലദൃശ്യങ്ങളും വിരുന്നൊരുക്കി.