തിരുവനന്തപുരം
സ്പീക്കർ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീറാണ് എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസിലെ അൻവർ സാദത്താണ് യുഡിഎഫ് സ്ഥാനാർഥി . എം ബി രാജേഷ് ഒഴിഞ്ഞതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. നിയമസഭയിൽ രാവിലെ പത്തിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് ആരംഭിക്കും. സഭയിലെ അധ്യക്ഷവേദിക്കു സമീപം ഇരുവശത്തുമായി രണ്ട് പോളിങ് ബൂത്ത് സജ്ജീകരിക്കും. വോട്ടെണ്ണൽ പൂർത്തിയാക്കി ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുക്കപ്പെട്ട പുതിയ സ്പീക്കറെ പ്രഖ്യാപിക്കും. തുടർന്ന് കേരള നിയമസഭയുടെ 24–-ാമത് സ്പീക്കർ തിങ്കളാഴ്ചതന്നെ ചുമതലയേൽക്കും.
അന്ന് ഏജന്റുമാർ;
ഇന്ന് സ്ഥാനാർഥികൾ
കഴിഞ്ഞവർഷം മെയ് 25ന് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന് സ്ഥാനാർഥികളുടെ ഏജന്റുമാരായി പ്രവർത്തിച്ചവരാണ് ഇത്തവണ സ്പീക്കറാകാൻ മത്സരിക്കുന്നത്. അന്ന് എം ബി രാജേഷിന്റെ ഏജന്റ് എ എൻ ഷംസീറായിരുന്നു. എതിർ സ്ഥാനാർഥി പി സി വിഷ്ണുനാഥിന്റെ ഏജന്റ് അൻവർ സാദത്തും.