ജനീവ> കോവിഡ് കേസ് കുറയുന്ന സാഹചര്യത്തിലും ആഗോളതലത്തില്‍ ഇപ്പോഴും ഓരോ 44 സെക്കന്‍ഡില്‍ ഒരു കോവിഡ് മരണം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇത്തരത്തിലിത് നിലനിര്‍ത്താനാകുമെന്നതില്‍ ഉറപ്പില്ലെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസൂസ് പറഞ്ഞു.
ഫെബ്രുവരി മുതലുള്ള പ്രതിവാര കണക്കില്‍ മരണനിരക്ക് 80 ശതമാനം കുറവുണ്ട്. എന്നാല്‍, കഴിഞ്ഞയാഴ്ച ഓരോ 44 സെക്കന്‍ഡിലും ഒരു മരണമുണ്ടായിട്ടുണ്ട്. പല മരണവും ഒഴിവാക്കാവുന്നവ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി കുറയ്ക്കലിനും ജീവന് രക്ഷിക്കലിനും അവശ്യമായ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ആറ് ഹ്രസ്വ പോളിസികള്‍ അടുത്തയാഴ്ച ഡബ്ല്യുഎച്ച്ഒ പ്രസിദ്ധീകരിക്കും.