കൊച്ചി> കരയിൽ നിന്നുതിർന്ന വെടിയേറ്റാണ് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതെന്ന് ബാലസ്റ്റിക് വിദഗ്ദ്ധരുടെ പ്രാഥമിക കണ്ടെത്തൽ. ഐഎൻഎസ് ദ്രോണാചാര്യയുടെ ആയുധ പരിശീലനയിടമായ ഫയറിങ് ബട്ടിന് പടിഞ്ഞാറു ഭാഗത്ത് നിന്നാണ് വെടിപൊട്ടിയതെന്നാണ് കരുതുന്നത്. എന്നാൽ, ഇത് നാവിക സേനയുടെ തോക്കിൽ നിന്ന് ഉതിർന്നതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ശനി രാവിലെ ബാലസ്റ്റിക് വിദഗ്ദ്ധർ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കൊച്ചി തീരത്ത് എത്തി സാദ്ധ്യതകൾ വിലയിരുത്തിയിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥനും ഒപ്പമുണ്ടായി.
സംഭവ ദിവസം ദ്രോണാചാര്യയിൽ പരിശീലനം നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് പരിശീലനത്ത് ഉപയോഗിച്ചിരുന്ന അഞ്ച് തോക്കുകൾ പൊലീസ് നേവിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തിയാൽ മാത്രമേ നേവിയുടെ തോക്കിൽ നിന്നോ വെടിയുതിർന്നതെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയൂ. നേരത്തേ കോസ്റ്റൽ പൊലീസിന്റെ ആവശ്യപ്രകാരം ഫയറിങ് പരിശീലന രേഖകൾ നാവികസേന കൈമാറിയിരുന്നു. ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായി കടലിൽ ഒന്നരകിലോമീറ്റർ ദൂരത്ത് വച്ചാണ് അപകടമുണ്ടായത്. ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കണ്ടെടുത്ത വെടിയുണ്ട സൈന്യം ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളിന്റേതാണ്. നാവിക സേനയുൾപ്പെടെ ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നുണ്ട്.
വെടിയുതിർന്നത് പരിശീലനകേന്ദ്രത്തിൽ നിന്നല്ലെന്ന നിലപാടിലാണ് നാവികസേന. നേവി മാത്രമല്ല, കോസ്റ്റൽ പൊലീസും ഐഎൻഎസ് ദ്രോണാചാര്യയിൽ പരിശീലനം നടത്താറുണ്ട്. 20 മീറ്റർ ഉയരമുളള ഭിത്തിയിലാണ് പരിശീലനം. ഭിത്തിയിൽ തട്ടിത്തെറിക്കുന്ന വെടിയുണ്ടകൾ ഒരു കിലോമീറ്റർ അകലെ സഞ്ചരിക്കുന്ന ബോട്ടിലേക്ക് ഒരു കാരണവശാലും എത്തില്ല. പരിശീലനത്തിനിടെ ഉതിർക്കുന്ന വെടിയുണ്ടകൾ പരമാവധി 200 മീറ്റർ ദൂരമേ സഞ്ചരിക്കൂവെന്നും നേവി വിശദീകരിക്കുന്നു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് മത്സ്യത്തൊഴിലാളിക്ക് കടലിൽവച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നാവികസേനയാണ് വെടിവച്ചതെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു.