കൊച്ചി> സർവകലാശാലാ പരീക്ഷയിൽ കോപ്പിയടിച്ചതിന് നടപടി നേരിട്ടയാളാണ് താനെന്ന വാർത്ത ശരിവച്ച് മാത്യു കുഴൽനാടൻ എംഎൽഎ. 1994 ലെ പ്രീഡിഗ്രി പരീക്ഷയിൽ കോപ്പിയടിച്ചതിന് എംജി സർവകലാശാല തന്നെ ഡീബാർ ചെയ്തതായാണ് അദ്ദേഹം പെതുവേദിയിൽ സമ്മതിച്ചത്. തന്റെ ജീവിതത്തിൽ അത്തരം ഒരു സംഭവം നടന്നതായി കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ നടന്ന പുരസ്കാരദാന ചടങ്ങിലാണ് കുഴൽനാടൻ തുറന്നു പറഞ്ഞത്.
ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള ഡോ. കുഴൽനാടൻ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിലായിരുന്നു തുറന്നു പറച്ചിൽ. കോപ്പിയടിച്ചതിന് താൻ പിടിക്കപ്പെട്ടതായും എംജി സർവകലാശാല തന്നെ ഡീബാർ ചെയ്തതായും മാത്യുക്കുഴൽ നാടൻ വേദിയിൽ സമ്മതിച്ചു. തുറന്നു പറച്ചിലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോപ്പിയടിച്ചതിന് സർവകലാശാലയുടെ നടപടി നേരിട്ടയാളാണ് മുവാറ്റുപുഴ എംഎൽഎ എന്ന വാർത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു.
1994 ഏപ്രിലിൽ നടന്ന രണ്ടാം വർഷ സയൻസ് ബാച്ച് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. 1995 ഏപ്രിലിന് മുമ്പുള്ള എല്ലാ പരീക്ഷകളിൽ നിന്നുമാണ് എംജി സർവകലാശാല മാത്യുക്കുഴൽ നാടനെ അന്ന് ഡീബാർ ചെയ്തത്. മാത്യു കുഴൽ നാടന്റെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ചൂണ്ടിക്കാണിച്ച് മൂവാറ്റുപുഴയിൽ വോട്ട് തേടിയ യുഡിഎഫിന് കോപ്പിയടി വാർത്ത കനത്ത തിരിച്ചടിയായിരുന്നു. കോപ്പിയടി വാർത്ത നിഷേധിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.