തിരുവനന്തപുരം> കേരളത്തിൽ രണ്ടാം പിണറായി സർക്കാരുപോലെ മൂന്നാം പിണറായി സർക്കാരും അധികാരത്തിൽ വരുമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ജനസമൂഹത്തിന് ആവശ്യമായത് എന്തോ അത് ജാതി- മതഭേദമില്ലാതെ എല്ലാജനതയ്ക്കും തുല്യമായ അവകാശങ്ങളോടെയുണ്ടെന്നും അവരെ സഹായിക്കണമെന്നുമുള്ള നീതിബോധത്തോടുകൂടിയാണ് സർക്കാർ പ്രവർത്തിച്ചത്. അതുകൊണ്ടാണ് എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ഗുരുജയന്തി മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ പേര് ഒരു യൂണിവേഴ്സിറ്റിക്ക് ഇടണമെന്ന് മാറി മാറി വന്ന ഗവൺമെന്റുകൾക്ക് നിവേദനം നൽകിയിരുന്നു. പിണറായി സർക്കാർ ഒരുയൂണിവേഴ്സിറ്റിക്ക് പേര് ഇടുകയല്ല ചെയ്തത്. ഒരു യൂണിവേഴ്സിറ്റി തന്നെ ഗുരുവിന്റെ പേരിൽ സ്ഥാപിച്ചു. അത് ചെറിയ കാര്യമല്ല. വലിയ വലിയ ഔദ്യോഗികസമ്മേളനങ്ങളും രാജകൊട്ടാരത്തിന്റെ തന്നെ സമ്മേളനങ്ങളും നടന്നിരുന്ന വിജെടി ഹാളിന് അയ്യൻകാളിയുടെ പേരിടാൻ ധൈര്യം കാണിച്ച സർക്കാർ എത്രയും അഭിനന്ദനത്തിന് അർഹമാണ്.
മഹത്തായകാര്യങ്ങൾ ചെയ്യാൻ പിണറായി സർക്കാർ മുന്നോട്ടുവന്നപ്പോൾ പക്ഷഭേദം കൂടാതെ ജനത പിന്തുണച്ചു. ആ രീതിയിലാണ് രണ്ടാം പിണറായി സർക്കാർ വന്നത്. ഇന്നത്തെ നിലവച്ചുനോക്കുമ്പോൾ മൂന്നാം പിണറായി സർക്കാരും വരും എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.