ഗുരുവായൂർ
മലയാളത്തിന് പുതുഭാവുകത്വം നൽകിയ കഥാകാരൻ എം മുകുന്ദന് 80–-ാം പിറന്നാൾ ആഘോഷം ഗുരുവായൂരിൽ. എൺപതാം പിറന്നാൾദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനും പിറന്നാൾ സദ്യയായി ഗുരുവായൂർ പ്രസാദ ഊട്ട് കഴിക്കാനുമായി മയ്യഴിയുടെ കഥാകാരൻ വെള്ളി പകൽ തന്നെ ഗുരുവായൂരിലെത്തിയിരുന്നു. ‘‘സെപ്തം. 10 ആണ് ജനനത്തീയതി. ആ ദിവസമാണ് പിറന്നാളായി ഞാൻ കണക്കാക്കുക. ഇത്തവണ ഗുരുവായൂരിലാകട്ടെ പിറന്നാൾ എന്ന് ആഗ്രഹിച്ചു. ഭാര്യ ശ്രീജയ്ക്കും സമ്മതമായിരുന്നു.. കുറച്ച് കാലമായി ഇവിടെ വരാൻ ആഗ്രഹിക്കുന്നു. വളരെ സന്തോഷമാണ് ഇവിടെ വരുന്നത്.’’ എം മുകുന്ദൻ പറഞ്ഞു.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അന്ന ലക്ഷ്മി ഹാളിലാണ് പ്രസാദ ഊട്ടു കഴിച്ചത്. അവിട്ടം ദിനത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭാര്യ ശ്രീജക്കൊപ്പം എം മുകുന്ദൻ ഗുരുവായൂരെത്തിയത്. ദേവസ്വം ശ്രീവൽസം അതിഥിമന്ദിരത്തിൽ താമസം. വൈകിട്ട് ദീപാരാധനയ്ക്ക് ക്ഷേത്രത്തിലെത്തി. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസിന്റെ പിറന്നാൾ ആശംസകളും ഉപഹാരവും ദേവസ്വം ഉദ്യോഗസ്ഥർ നൽകിയ പ്രസാദക്കിറ്റും ഏറ്റുവാങ്ങി.
പിറന്നാൾ ദിനമായ ശനി പുലർച്ചെ നാലിന് തന്നെ ക്ഷേത്രത്തിലെത്തി തൊഴുതു. തിരിച്ച് റൂമിലെത്തുമ്പോൾ ഇഷ്ടസാഹിത്യകാരന് പിറന്നാൾ ആശംസയുമായി ആരാധകരുടെ ഫോൺവിളികളെത്തി. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി ഭരണസമിതി അംഗം സി മനോജ് അതിഥിമന്ദിരത്തിലെത്തി എം മുകുന്ദനെ പൊന്നാടയണിയിച്ചു. പിറന്നാൾ ആശംസയും അറിയിച്ചു.















