തൃശൂർ> ഓണനാളുകളിൽ മേളവും പാട്ടും നൃത്തവുമായി വീട്ടുപടിക്കൽ എത്തിയ കുമ്മാട്ടിക്കൂട്ടത്തിൽ സ്ത്രീകളും. നൂറ്റാണ്ടുകളായുള്ള ചരിത്രം തിരുത്തിക്കുറിച്ചത് കിഴക്കുമ്പാട്ടുകരയിലെ മൂന്നു വനിതകൾ. കരുമത്തിൽ വീട്ടിൽ അജേഷിന്റെ ഭാര്യ സനിത (40), തേരോത്ത് ലോഹിതാക്ഷന്റെ മകൾ സബിത(42), നൊട്ടത്ത് സുനിത എന്നിവരാണ് പർപ്പടകപ്പുല്ലും രൗദ്രമുഖവും അണിഞ്ഞ് തെരുവിൽ കുമ്മാട്ടി ആടി ചരിത്രത്തിലേക്ക് ചുവടുവച്ചത്.
കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് മുന്നോടിയായി, ഓണത്തപ്പനെ വരവേൽക്കാൻ കിഴക്കുമ്പാട്ടുകര വടക്കുംമുറി ദേശത്തിനായാണ് മൂന്നു വനിതകൾ ലിംഗനീതിയുടെയും തുല്യതയുടെയും ആഘോഷം കൂടിയായ കുമ്മാട്ടി കളിക്കാൻ തെരുവിലിറങ്ങിയത്. ഇതിൽ സനിതയും സബിതയും സഹോദരിമാരാണ്. കുമ്മാട്ടിപ്പിറവിക്കുശേഷം, ആണുങ്ങൾ മാത്രമാണ് ഈ കലാപ്രകടനത്തിന് വേഷമിട്ടിരുന്നത്. ഇക്കുറി തിരുവോണത്തിനും രണ്ടോണത്തിനും വിവിധ ദേശക്കാരുടെ കുമ്മാട്ടികൾ കൂട്ടമായി നഗരത്തിലിറങ്ങിയെങ്കിലും പെൺതരികൾ ഉണ്ടായിരുന്നില്ല. നിലനിന്നിരുന്ന ഒരു സംവിധാനത്തെ മറികടന്നാണ് മൂന്നോണനാളിൽ ഒരുമടിയും കൂടാതെ പെൺകുമ്മാട്ടികൾ ആടിത്തിമിർത്തത്.
രൗദ്രതാളത്തിന് ചുവടുവച്ച് ആണുങ്ങൾ മാത്രം നിരന്നിരുന്ന തൃശൂരിന്റെ സ്വന്തം പുലികളിയിൽ, 2016ൽ നാലു സ്ത്രീകൾ ചുവടുവച്ചിരുന്നു. എന്നിട്ടും കുമ്മാട്ടികളിക്കാൻ സ്ത്രീകൾ തയ്യാറായിരുന്നില്ല. കോവിഡ്കാലത്തെ അടച്ചുപൂട്ടലുകൾ കഴിഞ്ഞ് ആഘോഷങ്ങൾ പുനരാരംഭിച്ചതോടെയാണ് മൂന്നു വനിതകൾ കുമ്മാട്ടിവേഷമണിഞ്ഞ് തെരുവിൽ നിറഞ്ഞാടിയത്. നഗരത്തിൽ ഇറങ്ങിയ പെൺകുമ്മാട്ടികളെ കുമ്മാട്ടിപ്രേമികൾ കൂട്ടത്തോടെ വരവേറ്റു.
മികവാർന്ന 40 കുമ്മാട്ടികളുമായാണ് ഇക്കുറി കിഴക്കുമ്പാട്ടുകര പനമുക്കംപ്പിള്ളി ക്ഷേത്രത്തിനുമുന്നിൽനിന്ന് വടക്കുമുറി ദേശക്കാർ തെരുവിൽ ഇറങ്ങിയത്. പ്രച്ഛന്നവേഷധാരികൾ, പരമ്പരാഗത കലാരൂപങ്ങൾ, ടാബ്ലോ എന്നിവയുമായാണ് വടക്കുമുറിക്കാരുടെ സംഘം ചുവടുവച്ചത്. കിഴക്കുമ്പാട്ടുകര പ്രദേശത്തെ വീട്ടുപടിക്കൽ എത്തിയശേഷം, എസ്എൻഎ ഔഷധശാല വലയംവച്ച് തിരിച്ച് പനമുക്കംപ്പിള്ളിയിൽ എത്തി. രാത്രി 7.30ഓടെ ഈ വർഷത്തെ കുമ്മാട്ടിക്കളിക്ക് സമാപനമായി.