തിരുവനന്തപുരം> എകെജി സെന്റർ ആക്രമണ കേസിൽ അന്വേഷണം യൂത്ത് കോൺഗ്രസ് നേതാക്കളിലേക്ക്. അക്രമത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്നവരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇവരുടെ മൊഴികളിൽ വൈരുധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അക്രമണം ആസൂത്രണം ചെയ്തത് കഴക്കൂട്ടം സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവാണെന്നും വ്യക്തമായിട്ടുണ്ട്.
മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ മുന്നോട്ട് പോകുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടാക്കിയത്. മേനംകുളം മേഖലയിലുള്ള ചില പ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് മൊഴികളിൽ വൈരുധ്യം വ്യക്തമായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുപ്പക്കാരനായ യൂത്ത് കോൺഗ്രസ് നേതാവാണ് അക്രമം ആസൂത്രണം ചെയ്തത് എന്നാണ് പ്രത്യേകാന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം. ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇയാൾ വിദേശത്തേയ്ക്ക് കടന്നതായാണ് വിവരം. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ലോ കോളജിലെ കെഎസ്യു നേതാവടക്കമുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ച വിവരം ലഭിച്ചത്. കൃത്യമായ തെളിവുകളോടെ പ്രതികളെ വലയിലാക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്. ഇവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.