തിരുവനന്തപുരം> എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസിന് ബന്ധമുണ്ടെന്നും കൃത്യമായ ആസൂത്രണമാണ് ഇതിന് പിന്നിൽ നടന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഉടനെ പുറത്തുവരും. തെറ്റായ പ്രചാരണം നടത്തിയവർക്ക് തിരുത്തി പറയേണ്ടി വരും.
എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പലതരത്തിലും പ്രകോപനം സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപെടുത്താൻ ശ്രമിക്കുന്ന തരത്തിൽ പ്രതിഷേധം നടത്തി. അതിന് വേണ്ടി കണ്ണൂരിൽനിന്ന് ഗുണ്ടകളെ ടിക്കറ്റ് എടുത്ത് വിമാനത്തിൽ കയറ്റികൊണ്ടുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഈ ഗൂഢാലോചനയിലുള്ള പങ്ക് മറച്ചുവെയ്ക്കാൻ കഴിയില്ല. കൂടുതൽ പ്രകോപനം സൃഷ് ടിക്കാനാണ് എകെജി സെൻറർ ആക്രമിച്ചത്. അതിലെ സത്യാവസ്ഥ ഉടനെ പുറത്തുവരുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സനോജ് പറഞ്ഞു.















