തിരുവനന്തപുരം> ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ 2021ലെ യുവസാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. കവിതയിൽ യഹിയ മുഹമ്മദിനും കഥയിൽ അമൽ രാജ് പാറമ്മേലിനുമാണ് അവാർഡ്. 50001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 19 ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് സമ്മാനിക്കും.
ചിത്രകാരൻ എന്ന കവിതയാണ് യഹിയയെ പുരസ്കാരത്തിന് അർഹനാക്കിയത്. കോഴിക്കോട് കുറിഞാലിയോട് സ്വദേശിയാണ്. പൂമിയിൽ കടൈസി രകസിയം എന്ന കഥയിലൂടെയാണ് അമൽ അവാർഡ് കരസ്ഥമാക്കിയത്. കണ്ണൂർ ചിറ്റാരിപറമ്പ സ്വദേശിയാണ്. അഖിലൻ ചെറുകോട്, അമൽരാജ് പാറമ്മേൽ, അൽതാഫ് പതിനാറുങ്ങൽ എന്നിവർക്ക് കവിതാവിഭാഗത്തിലും അഖിൽ പി പി, ആഷിഫ് അസീസ്, എസ് രാഹുൽ എന്നിവർക്ക് കഥയിലും പ്രോത്സാഹനസമ്മാനമുണ്ട്.
കഥയിൽ ബെന്യാമിൻ, പി പി ഷാജികുമാർ, ആർ രാജശ്രീ എന്നിവരും കവിതയിൽ കുരീപ്പുഴ ശ്രീകുമാർ, ഇ പി രാജഗോപാൽ, മ്യൂസ് മേരി ജോർജ് എന്നിവരുമായിരുന്നു ജൂറി അംഗങ്ങൾ. വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ കുരീപ്പുഴ ശ്രീകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ്, യുവധാര മാനേജർ എം ഷാജർ, എഡിറ്റർ ഷിജൂഖാൻ എന്നിവർ പങ്കെടുത്തു.