തലശേരി> ജാഥ നടത്തിയത് കൊണ്ട് മാത്രം ഒരു പാർടിക്ക് നിലനിൽകാനാവില്ലെന്നും രാഷ്ട്രീയ നിലപാടാണ് പ്രധാനമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മതനിരപേക്ഷ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ സംവിധാനത്തിനായി പൊരുതാൻ കോൺഗ്രസിന് സാധിക്കുന്നില്ല. വർഗീയ ശക്തിയുടെ ബി ടീമായി മാറിയ കോൺഗ്രസിന് രാജ്യം നേരിടുന്ന വെല്ലുവിളിയെ എങ്ങനെ നേരിടാനാവുമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. എരഞ്ഞോളി തച്ചോളിമുക്കിൽ സിപിഐ എം നിർമച്ച സ്നേഹവീട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ ശക്തമായി എതിർക്കുന്ന, മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള ബദൽ കേരളവും എൽഡിഎഫ് സർക്കാറുമാണ്. ഇടതുപക്ഷ സ്വഭാവമുള്ള രാജ്യത്തെ ഒരേയൊരു സർക്കാറാണിത്. ബാക്കി ഓരോ സർക്കാറിനെയും വിലക്കെടുത്ത് തർക്കുകയാണ്. സർക്കാറുകളെ അസ്ഥിരീകരിക്കാൻ പണവും ഭരണസംവിധാനവും ഉപയോഗിക്കുന്നു. അതാണ് മഹാരാഷ്ട്രയിൽ കണ്ടത്. തകർക്കാനുളള ശ്രമത്തെ മുൻകൂട്ടി മനസിലാക്കി ബിഹാറിൽ നിധീഷിന് പിടിച്ചുനിൽകാനായി. ഡൽഹിയിലും എംഎൽഎമാരെ വിലക്കുവാങ്ങി സർക്കാറിനെ തകർക്കാനുള്ള നീക്കം ആരംഭിച്ചു. എൽഡിഎഫ് സർക്കാറിനെ തകർക്കാൻ ആവനാഴിയിലെ സകല അസ്ത്രവും പ്രയോഗിക്കുന്നു. ബിജെപിയും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും വർഗീയപാർടികൾ മുഴുവൻ ഇതിനായ ഒരേ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നു. എല്ലാ പിന്തിരിപ്പൻ ശക്തികളും ഇതിനായി നിരന്തരം ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഓരോ ലോക്കലിലും ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനാണ് സിപിഐ എം തീരുമാനിച്ചത്. എരഞ്ഞോളിയിൽ ഏഴ് വീട് നിർമിച്ച് എട്ടാമത്തെ വീടിന്റെ പ്രവൃത്തിയിലാണ്. വലിയ മുന്നേറ്റമാണ് എരഞ്ഞോളി ലോക്കലിൽ ഉണ്ടായത്. അഭിമാനകരമായ നേട്ടമാണിത്. ഏഴ് വീടെടുത്ത ലോക്കൽ കമ്മിറ്റികൾ സംസ്ഥാനത്ത് അപൂർവമായിരിക്കും. ലോകത്തെ കമ്യൂണിസ്റ്റ് സാന്ദ്രതയേറിയ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് എരഞ്ഞോളിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.















